തിരുവനന്തപുരം: വിമര്‍ശനം തുറന്നുപറയാന്‍ സിപിഎം അവസരമൊരുക്കിയപ്പോള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിര്‍ത്തിപ്പൊരിച്ച് ഇടതുസാംസ്‌കാരികപ്രവര്‍ത്തകര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുവേളയിലെ ആര്‍എസ്എസ് പരാമര്‍ശം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതായിരുന്നില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ വേദിയിലിരുത്തി വിമര്‍ശിക്കാനും അവര്‍ മടിച്ചില്ല.

To advertise here,

സിപിഎം അനുഭാവികളായ എഴുത്തുകാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കഴിഞ്ഞയാഴ്ച ഇഎംഎസ് അക്കാദമിയില്‍ സംഘടിപ്പിച്ച ശില്പശാലയിലായിരുന്നു വിചാരണ.

തുടര്‍ഭരണം ലക്ഷ്യമിട്ട്, ഇടതനുഭാവം പുലര്‍ത്തുന്നവരുടെ അഭിപ്രായം കേള്‍ക്കാനായിരുന്നു തീരുമാനം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ചുള്ള വിലയിരുത്തലും വിമര്‍ശനവും തുറന്നുപറയാമെന്ന് എം.വി. ഗോവിന്ദന്‍ ആമുഖത്തില്‍ വ്യക്തമാക്കി. എഴുത്തുകാരാവട്ടെ, പിശുക്കൊന്നും കാണിക്കാതെ ഉള്ളിലുള്ളതുമുഴുവന്‍ തുറന്നുപറഞ്ഞു.

സര്‍ക്കാര്‍ നല്ലകാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ജനങ്ങളിലെത്തുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മന്ത്രിഓഫീസുകള്‍ ഇടപെടുന്ന കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാവുന്നില്ല. മാധ്യമങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്നത് ശരിയല്ല. മാധ്യമങ്ങളെ കാര്യക്ഷമമായി കൈകാര്യംചെയ്യാന്‍ സംവിധാനംവേണം. ബിജെപിയുടെ സൂക്ഷ്മരാഷ്ട്രീയത്തെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിനു മനസ്സിലാവുന്നില്ല. അഭിപ്രായങ്ങള്‍ നീണ്ടു. 

ന്യൂജെന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടി പിന്നിലാണെന്നായിരുന്നു മറ്റൊരു പരാതി. ഡിവൈഎഫ്ഐക്ക് പഴയവീര്യമില്ല. യുവാക്കളെ ആകര്‍ഷിക്കാനാവുന്നില്ല. സംസ്ഥാനനേതാക്കളെ ജനങ്ങള്‍ക്കറിയില്ല. കോണ്‍ഗ്രസില്‍ ഒട്ടേറെ രണ്ടാംനിരനേതാക്കളുണ്ട്. സിപിഎമ്മില്‍ അതു വേണ്ടത്ര പ്രകടമല്ല. സിപിഎം നേതാക്കള്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സാംസ്‌കാരികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകള്‍ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. എല്ലാവരെയും കേള്‍ക്കാനാണ് ശില്പശാല സംഘടിപ്പിച്ചതെന്നും പാര്‍ട്ടിയും സര്‍ക്കാരും ആവശ്യമായ തിരുത്തല്‍വരുത്തി മുന്നോട്ടുപോവുമെന്നും ചര്‍ച്ചയ്ക്ക് എം.വി. ഗോവിന്ദന്‍ മറുപടിനല്‍കി.

സുനില്‍ പി. ഇളയിടം, അഡ്വ. ഷുക്കൂര്‍, സിനിമാനടന്‍ അനൂപ്, മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍ തുടങ്ങി അന്‍പതോളംപേര്‍ പങ്കെടുത്തു. ശില്പശാലയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു.