തിരുവനന്തപുരം: വർഗീയതയ്ക്ക് വളംവെക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന വിമർശനവുമായി സിപിഎം. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിക്കുന്നു.

To advertise here,

കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹികമാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിഭജിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്എൻഡിപി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദർശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്എൻഡിപി പ്രവർത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിന് ഈ നിലപാട് നൽകിയ സംഭാവന വളരെ വലുതാണ്. ആ സംഘടനയുടെ സെക്രട്ടറിസ്ഥാനം വഹിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയിൽനിന്ന് ഉണ്ടായതെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

ചേർത്തലയിൽ നടന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സി.പി.എം. നേതാവുമായ എ.എൻ. ഷംസീറിനെതിരേ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം നടത്തിയത്‌. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ല, മുസ്ലിംലീഗിന്റെ മനസ്സാണെന്നായിരുന്നു പരാമർശം. പിണറായി വിജയനെപ്പോലെ മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ, ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശൻ പല വിവാദ പ്രസ്താവനകൾ നടത്തിയ ഘട്ടങ്ങളിൽ യഥാസമയം തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകലാൻ ഇടയായെന്നും സി.പി.എമ്മിന്റെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നേരത്തേ വിലയിരുത്തിയിരുന്നു.