ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ അവലോകനംചെയ്തുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ പാകപ്പിഴകൾ, ഭരണവിരുദ്ധവികാരം, രാഷ്ട്രീയമായ പ്രചാരണത്തിന്റെ കുറവ് എന്നിവ കേരളത്തിലെ പരാജയത്തിന് കാരണമായി പാർട്ടി വിലയിരുത്തുന്നു.

To advertise here,

നേതാക്കൾക്കിടയിലെ അഴിമതി, ധാർഷ്ട്യം, ആഡംബരജീവിതം എന്നിവ പാർട്ടിയുടെ പ്രതിച്ഛായ തകർത്തു, തിരഞ്ഞെടുപ്പ് പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചു തുടങ്ങിയ കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

'1977-നു ശേഷം ആദ്യമായാണ്, നമ്മുടെ പാർട്ടി അധികാരത്തിലുള്ള ഒരു സംസ്ഥാനംപോലുമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. ബി.ജെ.പി.യുടെ വർധിച്ചുവരുന്ന ആധിപത്യത്തിന്റെ പശ്ചാത്തലത്തിൽ, ഈ തിരഞ്ഞെടുപ്പ് പരാജയം ഒരു കനത്ത തിരിച്ചടിയാണ്' എന്നും സിപിഎമ്മിന്റെ റിപ്പോർട്ടിൽ പറയുന്നു.

തോൽവിക്ക് കാരണമായ ഭരണപരമായ വീഴ്ചകളും സംഘടനാ വീഴ്ചകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

പ്രധാന കണ്ടെത്തലുകൾ

  • പ്രചാരണം മുഴുവൻ ഒരാളെ കേന്ദ്രീകരിച്ചായിരുന്നു എന്നൊരു പ്രചാരണം നിലവിലുണ്ടായിരുന്നു. സർക്കാരിനെ കാര്യക്ഷമമായി നയിച്ച മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ നേതാവിനെക്കുറിച്ചായിരുന്നു ആ പരാമർശം. പ്രചാരണത്തെ വ്യക്തികേന്ദ്രീകൃതമാക്കുകയും സഖാവ് പിണറായി വിജയനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിലൂടെ, അദ്ദേഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്താൻ യുഡിഎഫിന് നാം അറിയാതെ അവസരമൊരുക്കിക്കൊടുത്തു. തൽഫലമായി, കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും പിന്തിരിപ്പൻ സ്വഭാവവും ഭരണവർഗ അനുകൂല നിലപാടും തുറന്നുകാട്ടാനുള്ള രാഷ്ട്രീയ മുൻകൈ നമുക്ക് നഷ്ടമായി.
  • വികസനത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും രാഷ്ട്രീയം മുന്നിൽ നിർത്താതിരിക്കുകയും ചെയ്ത പ്രചാരണം ഫലപ്രദമായിരുന്നില്ല. നവലിബറൽ, കോർപ്പറേറ്റ്-വർഗീയ നയങ്ങൾക്കെതിരായ രാഷ്ട്രീയ പ്രചാരണവുമായി വികസന, ക്ഷേമ നയങ്ങൾ സമന്വയിപ്പിച്ചില്ലെങ്കിൽ ജനങ്ങളിൽനിന്ന് പിന്തുണ പ്രതീക്ഷിക്കാനാവില്ലെന്ന് നമ്മൾ ഒരിക്കലും മറക്കരുത്.
  • ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ സമീപനത്തെയും ഫെഡറൽ അവകാശങ്ങൾക്കെതിരായ അതിന്റെ ആക്രമണത്തെയും കുറിച്ച് ജനങ്ങളോട് വേണ്ടത്ര പ്രചരണം നടത്തിയില്ല.
  • പാർട്ടിക്ക് ബിജെപിയുമായി ഒരു രഹസ്യ ഇടപാട് ഉണ്ടെന്ന് ആരോപിച്ച കോൺഗ്രസിന്റെ ചിട്ടയായ പ്രചാരണത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ ചിലരും തെറ്റിദ്ധരിപ്പിക്കപ്പെട്ട് പ്രതിലോമപരമായ കൂട്ടുകെട്ടിൽ നമ്മുടെ പാർട്ടിക്ക് എതിരായി അണിനിരന്നു. ഇത് ന്യൂനപക്ഷ വോട്ടർമാരിൽ പ്രതികൂലമായി ബാധിക്കുകയും അവരിൽ ഒരുവിഭാഗത്തെ എൽ.ഡി.എഫിൽനിന്ന് അകറ്റുകയും ചെയ്തു.
  • ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുന്നത് ഒഴിവാക്കാമായിരുന്നു. കടുത്ത ഹിന്ദുത്വ തീവ്രവാദിയായ യുപി മുഖ്യമന്ത്രിയുടെ സന്ദേശം, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഒരു മന്ത്രി വായിച്ചത് പാർട്ടിയുടെ മതേതര പ്രതിച്ഛായ്ക്ക് വലിയ കളങ്കമുണ്ടാക്കി. തിരഞ്ഞെടുപ്പിലും ഇത് ബാധിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിച്ചതെങ്കിൽ പോലും യുപി മുഖ്യമന്ത്രിയിൽനിന്ന് സന്ദേശം തേടിയതും അത് വായിക്കാൻ പാർട്ടിയിലെ ഒരു മന്ത്രി തയ്യാറായതും എങ്ങനെയാണെന്നത് അത്ഭുതകരമാണ്. ഇത്തരം നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയും ഹിന്ദുത്വ വർഗീയ ശക്തികളോട് മൃദുസമീപനമാണ് പാർട്ടിക്കുള്ളതെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്തു.
  • അതുപോലെ, വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയെങ്കിലും, അതൊരു ശക്തമായ പ്രതികരണമായിരുന്നില്ലെന്ന് അവലോകനം സ്വയം വിമർശനപരമായി വിലയിരുത്തുന്നു. ഈ വിവാദവുമായി ബന്ധപ്പെട്ട് നമ്മുടെ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും ജനങ്ങളിൽനിന്ന് പാർട്ടി കൂടുതൽ അകലുന്നതിന് കാരണമായി. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഈ പിഴവുകളെല്ലാം ഒരുപോലെ ഉപയോഗിക്കപ്പെട്ടു.
  • പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്ത രീതിയും ഈ ധാരണ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സിപിഐ ഉന്നയിച്ചു. ബിജെപിയുമായി ഒരു രഹസ്യധാരണയുണ്ട് എന്ന തരത്തിൽ പ്രചാരണം നടത്താൻ യുഡിഎഫിന് ഇത് സഹായകമായി. ഈ വിഷയത്തിൽ കൃത്യമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതിൽ വന്ന വീഴ്ചകളും ഇത്തരമൊരു പ്രശ്‌നം ഉടലെടുക്കാൻ കാരണമായി'. ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കുക എന്നത് വളരെ പ്രധാനമാണ്. യുഡിഎഫ് ഇത് മുതലെടുക്കുകയും ചെയ്തു.
  • പൊതുയോഗങ്ങളിലോ മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലോ സംസാരിക്കുമ്പോൾ നമ്മുടെ ചില നേതാക്കൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. പൊതുവേദിയിൽ പറയുന്ന കാര്യങ്ങളെല്ലാം തന്നെ റെക്കോർഡ് ചെയ്യപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന കാര്യം നാം പലപ്പോഴും വിസ്മരിക്കുന്നു. പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതിനായി നമ്മുടെ പ്രവൃത്തികളെയും-സംസാരത്തിലൂടെയോ എഴുത്തിലൂടെയോ ഉള്ള-വാക്കുകളെയും ദുരുപയോഗം ചെയ്യാനോ വളച്ചൊടിക്കാനോ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ പ്രമുഖരായ സഖാക്കൾ നടത്തിയ പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നു.
  • പോലീസിന്റെയും ബ്യൂറോക്രസിയുടെയും ജനവിരുദ്ധ പെരുമാറ്റവും ചില മന്ത്രിമാരെ സമീപിക്കാനുള്ള ബുദ്ധിമുട്ടും ജനങ്ങളെ അകറ്റി.
  • കെ.എസ്.ആർ.ടി.സി പെൻഷൻ, ക്ഷേമപെൻഷൻ കുടിശ്ശിക, പരമ്പരാഗത മേഖലയിലെ പ്രതിസന്ധി, വന്യജീവി ശല്യം, സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ എന്നിവ വേണ്ടത്ര പരിഹരിക്കാൻ കഴിയാത്തത് തിരിച്ചടിയായി.
  • പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പദ്മകുമാറിന്റെ അറസ്റ്റിൽ സമയബന്ധിതമായി അച്ചടക്ക നടപടി എടുക്കാതിരുന്നത് തിരിച്ചടിയായി.
  • കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ പറ്റി. തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ എന്നീ പാർട്ടി കോട്ടകളിൽ വിമതരായി മത്സരിച്ചവർ വിജയിച്ചത് പാർട്ടിക്കേറ്റ വലിയ പ്രഹരമാണ്.