ചേർത്തല: എസ്എഫ്‌ഐയുടെ പ്രവർത്തനരീതിയിൽ മാറ്റം അനിവാര്യമെന്ന് സിപിഎം വിലയിരുത്തൽ. പാർട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടും ചർച്ചയും മുൻനിർത്തി നൽകിയ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എസ്എഫ്ഐയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച നിർദേശം സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാക്കമ്മിറ്റികൾക്കു നൽകിയിട്ടുണ്ട്.

To advertise here,

രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ അഭാവം പ്രവർത്തനവൈകല്യത്തിനും വഴിതെറ്റലിനും കാരണമാകുന്നെന്നാണു വിലയിരുത്തൽ. വളയമില്ലാത്ത ചാട്ടമാണ് എസ്എഫ്‌ഐയുടേത്. സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലടക്കം എസ്എഫ്‌ഐയുടെ പ്രവർത്തനരീതിയെ വിമർശിച്ചിരുന്നു.

തുടർച്ചയായി സംഘടന ക്രൂശിക്കപ്പെടുന്ന സാഹചര്യത്തിൽ മുഖം വീണ്ടെടുക്കാൻ തിരുത്തൽനടപടികൾ അനിവാര്യമാണ്. നിലവിൽ കാംപസുകളിലെ ഒരുവിഭാഗം നിലനിൽപ്പിനും സംരക്ഷണത്തിനുമായാണ് സംഘടനയിൽ അംഗമാകുന്നത്. ഇത്തരക്കാരും അവർക്കിടയിൽനിന്നു ഭാരവാഹിത്വത്തിലേക്ക് എത്തുന്നവരുമുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് സംഘടനയെ ആകെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്നതെന്നാണു ‍‍വിലയിരുത്തൽ.

സംഘടനയിൽ പ്രവർത്തന വിലയിരുത്തലുകളോ തിരുത്തലുകളോ ഇല്ല. ഇതിനു മാറ്റംവരണം. ഓരോ ഘടകവും കാംപസുകളിലെ പ്രവർത്തനം വിലയിരുത്തി തിരുത്തൽ നിർദേശിക്കുകയും അതു നടപ്പാക്കുന്നുണ്ടെന്നുറപ്പാക്കുകയും വേണം.

മുൻകാലങ്ങളിൽ എസ്എഫ്‌ഐ സ്വന്തംനിലയിലും പാർട്ടി സഹകരണത്തോടെയും അവധിക്കാല ക്യാമ്പുകളും പരിശീലനക്കളരികളുമെല്ലാം നടത്തിയിരുന്നു. ഇത് നല്ല പ്രവർത്തനരീതിക്കും വിദ്യാർഥികളെ ആകർഷിക്കുന്നതിനും സഹായിച്ചിരുന്നു. ഇപ്പോൾ അതെല്ലാം പൂർണമായിത്തന്നെ ഇല്ലാതായി. കാലഘട്ടത്തിനനുസരിച്ച് ഇത്തരത്തിലോ അതിനു സമാനമായതോ ആയ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പാർട്ടിനിർദേശം.