
അരൂർ: ജനങ്ങൾക്കായി ചെയ്യാവുന്നതെല്ലാം ചെയ്തശേഷം അവരെനോക്കി കൊഞ്ഞനം കുത്തുന്ന ശൈലിയായിരുന്നു പിണറായി വിജയന്റേതെന്ന് സി.പി.എം. അരൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം. മൈക്കിനുമുന്നിൽ നടത്തിയ അഭ്യാസവും വീട്ടിൽപോയി ചോദിക്കാൻ പറഞ്ഞതും ചെറ്റപ്രയോഗവും ജനങ്ങളെ അകറ്റി. ഇതെല്ലാം കൂടെയുള്ളവർ പോലും മറിച്ചു വോട്ടുകുത്തുന്നതിലേക്ക് എത്തിച്ചുവെന്നായിരുന്നു വിമർശനം.
തോൽവിക്കു കാരണക്കാരനായ പിണറായി വിജയന് പ്രതിപക്ഷ നേതാവായിരിക്കാൻ അർഹതയില്ലെന്നും സ്ഥാനം ഒഴിഞ്ഞു മാതൃക കാട്ടണമെന്നും ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിൽ പിണറായി വിജയനെക്കാൾ തിളങ്ങിയ കെ.കെ. ശൈലജയെ രണ്ടാംസർക്കാരിൽ മന്ത്രിയാക്കാത്തതുതന്നെ അവരെ ഭയന്നായിരുന്നു. പുതിയ തിരഞ്ഞെടുപ്പിൽ അവർ ജയിക്കരുതെന്നുതന്നെ കണക്കാക്കിയാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ജനങ്ങൾക്കിഷ്ടമുള്ള കെ.കെ. ശൈലജയെ പോലെയുള്ളവരെ നേതൃത്വത്തിലെത്തിച്ചാൽ മാത്രമേ നഷ്ടമായ ജനവിശ്വാസം തിരിച്ചെടുക്കാൻ സാധിക്കുകയുള്ളു. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം തളിപ്പറമ്പിൽ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിച്ചു. ഇതിനെ ന്യായീകരിക്കാൻ സെക്രട്ടറി നടത്തിയ കോപ്രായങ്ങൾ ജനങ്ങളെയും പാർട്ടിപ്രവർത്തകരെയും കളിയാക്കുന്ന തരത്തിലുമായിരുന്നു. ഇപ്പോൾതന്നെ ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അത്രയും പാർട്ടിക്ക് നേട്ടമാകും.
ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരേയും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല. പലകാര്യങ്ങളുമായെത്തുന്ന പ്രാദേശിക നേതാക്കളുടെ മേലേ കുതിരകേറാൻ മാത്രമാണ് സെക്രട്ടറിക്കറിയുന്നത്. ജില്ലാ സെക്രട്ടേറിയറ്റംഗം എ.എം. ആരിഫ് മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ ശ്രമങ്ങൾ നടത്തിയതും തിരിച്ചടിയായതായും വിമർശനമുണ്ടായി.
അരൂരിൽ സ്ഥാനാർഥിയെ കെട്ടിയേൽപ്പിച്ചു
അരൂരിൽ ജയിക്കാവുന്ന സ്ഥാനാർഥിയായിരുന്നില്ല ദെലീമ. സംസ്ഥാന നേതൃത്വം ഒരഭിപ്രായവും ചോദിക്കാതെ കെട്ടിയേൽപ്പിക്കുകയായിരുന്നു. മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ അതാതു കമ്മിറ്റികളുടെ അഭിപ്രായം തേടേണ്ട സാമാന്യമര്യാദപോലും കാട്ടിയില്ല. നേതൃത്വം ഏകപക്ഷീയമായി തീരുമാനിച്ചു.
പി. പ്രസാദിനെ മാതൃകയാക്കണം
ഏരിയ കമ്മിറ്റി പരിധിയിലെ ചേർത്തല മണ്ഡലത്തിന്റെ ഭാഗങ്ങളിൽ എൽ.ഡി.എഫിന് വലിയ മുൻതൂക്കം നേടാനായി. സി.പി.ഐ.ക്കാരനെങ്കിലും പി. പ്രസാദിന്റെ ജനങ്ങളെ ആകർഷിക്കുന്ന ശൈലി മാതൃകയാക്കണം. ലാളിത്യവും ഇടനിലക്കാരില്ലാതെ തന്നെ ജനങ്ങളോടിടപെടുന്ന ശൈലിയുമാണ് ചേർത്തലയിൽ വ്യത്യസ്തമായ ഫലമുണ്ടാക്കിയത്. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ നിരീക്ഷകനായി. ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി. പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗം പി.കെ. സാബു തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: CPM Aroor area committee openly criticizes Pinarayi Vijayan's arrogant leadership style., Internal reports suggest Pinarayi Vijayan should resign as opposition leader., KK Shailaja's exclusion from the cabinet cited as a major political misstep., Criticism directed at MV Govindan and Alappuzha district leadership., P. Prasad's accessible leadership style highlighted as a model for success.
Published: 24 May 2026, 09:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented