പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ ഒടുവിൽ സിപിഎം നടപടി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പദ്മകുമാറിനെ നീക്കും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം വിശദീകരണം തേടിയുള്ള നോട്ടീസും പദ്മകുമാറിന് നൽകി. രജിസ്‌ട്രേഡ് തപാലിലാണ് നോട്ടീസ് നൽകിയത്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതിനുള്ള വിശദീകരണം വ്യാഴാഴ്ച നൽകണമെന്നും കാണിച്ച് എ. പദ്മകുമാറിന് സി.പി.എം. കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. പദ്മകുമാർ ജാമ്യത്തിലിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ജില്ലാകമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് നൽകുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാകമ്മിറ്റിയിലോ ചർച്ചചെയ്തിട്ടില്ല. സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നോട്ടീസെന്നാണ് വിവരം. ആദ്യഘട്ടത്തിൽ ജില്ലാകമ്മിറ്റിയിൽനിന്ന് പുറത്താക്കുകയെന്ന നീക്കമാണ് നോട്ടീസിനുപിന്നിലെന്ന് ഉറപ്പായിട്ടുണ്ട്.
സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് നോട്ടീസിൽ ചോദിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പദ്മകുമാറിനെതിരേ വാർത്തകൾ വന്നതിനെക്കുറിച്ച് എന്തുമറുപടിയാണ് നൽകാനുള്ളതെന്നും വിശദീകരിക്കണം. വാർത്തകളിൽ വന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ പദ്മകുമാറിന്റെ വാദങ്ങളും നിരത്തണം. വ്യാഴാഴ്ചതന്നെ മറുപടിനൽകാനുള്ള ഒരുക്കത്തിലാണ് പദ്മകുമാർ.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പദ്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങളോ മറ്റു തെളിവുകളോ കണ്ടെത്തിയിട്ടില്ല. എന്നാൽ, സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പോറ്റിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് പദ്മകുമാർ മറുപടിയിൽ ചൂണ്ടിക്കാണിക്കാനിടയുണ്ടെന്നാണ് വിവരം. കൊള്ളമുതലിന്റെ പങ്കുപറ്റിയതിന്റെ തെളിവുകൾ തന്റെ വീട്ടിൽനടന്ന റെയ്ഡിൽ കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കും.
കേസിൽ പ്രതിയായിട്ടും പദ്മകുമാർ ജില്ലാകമ്മിറ്റിയിൽ തുടരുന്നതിൽ പാർട്ടി പ്രതിരോധത്തിലായിരുന്നു. കുറ്റപത്രം വരട്ടെ എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയടക്കം വിശദീകരിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ ഈ വിഷയം വീണ്ടും കത്താൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാനനേതൃത്വം ഇടപെട്ടുള്ള നീക്കമെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം, ജില്ലാ കമ്മിറ്റിയിൽനിന്ന് നീക്കുന്നതിന്റെ മുന്നോടിയായി പദ്മകുമാറിനെ കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു.
Content Highlights: CPM state committee initiates action to remove A. Padmakumar from elected positions., Formal show-cause notice issued to Padmakumar regarding party defamation., The move comes amid fears of negative electoral impact., Padmakumar was removed from the official party WhatsApp group., Internal party pressure mounting as the case remains high-profile.
Published: 12 Mar 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented