ഇടുക്കി: പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സി.പി.ഐ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ജനയുഗം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്തതില്‍ വിമര്‍ശിച്ചതിനാണ് നോട്ടീസ്. ഏത് സാഹചര്യത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്നാണ് അദ്ദേഹത്തോട് ചോദിച്ചിരിക്കുന്നത്. അടുത്ത സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ശിവരാമന്റെ മറുപടി ചര്‍ച്ച ചെയ്യും.

To advertise here,

ജനയുഗം ശ്രീനാരായണ ജയന്തി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ.കെ. ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചുകൊണ്ട് പരസ്യമായി പ്രതികരണം നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തില്‍ നിന്ന് തേടാന്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കെ.കെ.ശിവരാമനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. 

ശിവരാമന്റെ വിശദീകരണം ഒന്‍പതിന് ചേരുന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് കെ.കെ.ശിവരാമന്‍. അദ്ദേഹത്തിനെതിരേ നടപടി വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ചയും സംസ്ഥാന കൗണ്‍സിലില്‍ നടക്കും. 

ജനയുഗം പത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു കെ.കെ ശിവരാമന്റെ വിമര്‍ശം. മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ല എന്നായിരുന്നു വിമര്‍ശം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

Content Highlights: CPI's show cause notice to Idukki district secretary K.K Sivaraman