കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായുള്ള ഭിന്നതകള്‍ക്കിടെ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. പിഎംശ്രീയില്‍ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

To advertise here,

2020-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രചാരണത്തിനും നടത്തിപ്പിനുമായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ് പിഎം-ശ്രീ. ഇന്ത്യയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസനയങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനാമൂല്യങ്ങളെ മാനിക്കാത്ത, മതനിരപേക്ഷതയും അക്കാദമി കസങ്കല്‍പ്പങ്ങളും നിരാകരിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന എതിര്‍പ്പ് തുടക്കത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. വര്‍ഗീയ അജണ്ടകള്‍ കുട്ടികളില്‍ കുത്തിവയ്ക്കുന്ന നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സര്‍ക്കാരും അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതരകേരളത്തിന് അഭിമാനം പകര്‍ന്ന ഒന്നായിരുന്നു. ഇങ്ങനെ പ്രതിരോധം തീര്‍ക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാര്‍ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം-ശ്രീ എന്ന് ലേഖനത്തില്‍ പറയുന്നു.

പദ്ധതിയില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. പിഎം-ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നഷ്ടമാകും. അങ്ങനെവന്നാല്‍ ഈ നയവ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണെന്ന് പറയേണ്ടതില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് അര്‍ഹമായ വിദ്യാഭ്യാസവിഹിതം നിഷേധിക്കുന്നതിനെ ചോദ്യംചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും അല്ലാതെ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയനിലപാടും നയവും ബലികഴിക്കുകയല്ല ഇടതുപക്ഷസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ലേഖനം പറയുന്നു.

കേന്ദ്രഫണ്ട് ലഭിക്കാന്‍ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നുവാദിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിഎം-ശ്രീ നടപ്പാക്കാത്തതിനാല്‍ രണ്ടു വര്‍ഷമായി സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്എസ്‌കെ) കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിലപാടെടുത്തിരുന്നു. എന്നാല്‍ വിഷയത്തില്‍ സിപിഐ സംഘടനയായ എകെഎസ്ടിയു വിദ്യാഭ്യാസമന്ത്രിക്ക് നേരത്തേ പ്രതിഷേധക്കത്തയക്കുകയും ചെയ്തു.