ചണ്ഡീഗഢ്: അധികാരത്തെ വ്യക്തിഗത നേട്ടത്തിനായി ചിലർ ഉപയോഗിക്കുന്നെന്നും വിഭാഗീയത പാർട്ടിയിൽ ശക്തിപ്പെടുന്നെന്നും സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം.

To advertise here,

തിരഞ്ഞെടുപ്പിൽ സീറ്റുകൾ നിഷേധിച്ചാൽ പാർട്ടിവിടുമെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നു. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയെക്കാൾ വ്യക്തിതാത്‌പര്യങ്ങൾക്കു മാത്രമാണ് ചിലർ പാർട്ടിയെ ഉപയോഗിക്കുന്നത്. പാർട്ടിഭരണഘടനയെപ്പോലും ചില സഖാക്കൾ അവഗണിക്കുന്നു. പാർട്ടിപ്രവർത്തനത്തിൽ ആത്മാർഥമായി ഇടപെടുന്നതിനുപകരം ചിലർ പൊള്ളയായ പ്രകടനം മാത്രമാണ് നടത്തുന്നത്. ബഹുജനസമരങ്ങളിൽനിന്ന് മനപ്പൂർവം മാറിനിൽക്കുന്നുണ്ട്. നിവേദനങ്ങൾ സമർപ്പിക്കുന്നതുപോലുള്ള കാട്ടിക്കൂട്ടലുകളിലേക്ക് പ്രവർത്തനം ചുരുക്കുകയാണ്.

ചിലർ വൻതോതിൽ സ്വത്ത് സമ്പാദിക്കുന്നതിനായി പാർട്ടിയെ ഉപയോഗിക്കുന്നു. പണത്തിലും പ്രശസ്തിയിലും മാത്രമാണ് അവർക്ക് താത്‌പര്യം. ഇതെല്ലാം പാർട്ടി നയത്തിന്റെ വ്യതിചലനമാണ്. ബൂർഷ്വാ സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം വ്യതിയാനങ്ങളിൽ അദ്‌ഭുതമില്ലെങ്കിലും ഇത്തരം പ്രവണതകളെ ചെറുക്കേണ്ടതുണ്ട്. തുടർച്ചയായ സ്വയംവിമർശനത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റ് സ്വഭാവം നിലനിർത്താനാകൂ. പുരുഷാധിപത്യ പ്രവണതകളും പാർട്ടിയിൽ പ്രകടമാണ്.

പുരുഷന്മാർക്കുമാത്രമേ വിപ്ലവം കൊണ്ടുവരാൻ സാധിക്കൂവെന്ന തെറ്റായ ധാരണയാണ് ചിലരെ നയിക്കുന്നത്. ഇതുകാരണം സ്ത്രീകളുടെ കഴിവുകളെ നേതൃനിരയിൽ പ്രയോജനപ്പെടുത്താതെ മാറ്റിനിർത്തുകയാണ്. ഇത്തരം തെറ്റായ സമീപനങ്ങളെ ഇല്ലാതാക്കി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സംഘടനാറിപ്പോർട്ട് നിർദേശിക്കുന്നു.