
കൊല്ലം: സിപിഐ കൊല്ലം ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാര്‍ട്ടി മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ആഞ്ഞടിച്ചത്. ബിനോയ് ദുര്‍ബലനായ സെക്രട്ടറിയാണെന്നും നിലപാടുകളില്‍ വ്യക്തതയില്ലെന്നും കുന്നിക്കോട്ടുനിന്നുള്ള പ്രതിനിധി പറഞ്ഞു. പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഇത് പ്രവര്‍ത്തകര്‍ക്ക് അപമാനമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നാല് മന്ത്രിമാരും പരാജയമാണ്. അവര്‍ക്ക് മുഖ്യമന്ത്രി പിണറായിയെ കാണുമ്പോള്‍ മുട്ടു വിറയ്ക്കും. മാവേലി സ്റ്റോറുകള്‍ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരില്‍നിന്നുള്ള പ്രതിനിധി പറഞ്ഞു. മാവേലി സ്റ്റോറുകളില്‍ പാറ്റകള്‍പോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റില്‍നിന്നുള്ള പ്രതിനിധി പരിഹസിച്ചു.
കേരള ഭരണത്തില്‍ പിണറായി വിജയന്റെ ഏകാധിപത്യമാണ് കാണുന്നത്. സിപിഐ മന്ത്രിമാര്‍ സ്തുതിപാഠകരായി അധഃപതിച്ചു. നവകേരള സദസ്സ് മുഖ്യമന്ത്രിയെ പുകഴ്ത്തുത്തുന്നതിനു മാത്രമുള്ള വേദിയാക്കി സിപിഐ മന്ത്രിമാര്‍ ഉപയോഗിച്ചു. കുന്നത്തൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍, 'നവകേരളത്തിന്റെ ശില്പി വരുന്നു'വെന്ന് സിപിഐയുടെ മന്ത്രി മൈക്കിലൂടെ വിളിച്ചുപറഞ്ഞു. നവകേരളശില്പി സി. അച്യുതമേനോന്‍ ആണെന്നാണ് ഞങ്ങളുടെ നിലപാട്. കൂടുതല്‍ ഭംഗിയായി സ്തുതി പറയുന്നവര്‍ കേമന്മാര്‍ എന്ന നിലയിലുള്ള മത്സരമാണ് നവകേരള സദസ്സില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പാര്‍ട്ടി നിലപാടിനെപ്പറ്റി ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. 20 മണ്ഡലം കമ്മിറ്റികളില്‍ 11 ഇടങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ ചര്‍ച്ച പൂര്‍ത്തിയായി.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ പ്രത്യേകം പരാമര്‍ശിച്ചപ്പോള്‍ ജില്ലയില്‍നിന്നുള്ള സിപിഐ മന്ത്രി ജെ. ചിഞ്ചുറാണിയുടെ വകുപ്പുകളെപ്പറ്റി പ്രത്യേക പരാമര്‍ശം ഉണ്ടായില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ വിമര്‍ശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍, സിപിഐ പ്രാദേശിക നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത കെ.ബി. ഗണേഷ്‌കുമാറിനെ വിമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Content Highlights: CPI Kollam district meet saw harsh criticism against state secretary Binoy Viswam and party minister
Published: 02 Aug 2025, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented