തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്.
ഭരണവിരുദ്ധവികാരം
സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് കൗൺസിൽ നിർദേശിച്ചത്.
പരമ്പരാഗതമേഖലയെ കൈവിട്ടു
പരമ്പരാഗത തൊഴിൽമേഖലയിലും ക്ഷേമനിധി തൊഴിലാളികളുടെ കാര്യത്തിലും ചില പോരായ്മകളുണ്ടായിട്ടുണ്ടെന്നായിരുന്നു സെക്രട്ടേറിയറ്റ് പറഞ്ഞത്. അങ്ങനെ ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്നത് ശരിയായ വിലയിരുത്തലല്ലെന്ന് കൗൺസിലിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
വൈക്കത്തെ പരാജയത്തിന് പ്രധാന കാരണം പരമ്പരാഗതമേഖലയിലെ അസംതൃപ്തിയാണ്. സർക്കാർ പരമ്പരാഗതമേഖലയെ അവഗണിച്ചെന്നും അവരെ പരിഗണിക്കുന്ന സമീപനമുണ്ടായില്ലെന്നും റിപ്പോർട്ടിൽ ചേർക്കണമെനന്നും നിർദേശിച്ചു.
പ്രചാരണം പിഴച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൃത്യമായി പറയണമെന്നായിരുന്നു തിരുത്തൽ. ‘എൽ.ഡി.എഫ്. അല്ലാതെ മറ്റാര്’ എന്ന പ്രചാരണവാക്യംതന്നെ തെറ്റായിരുന്നു. സി.പി.എം. അല്ലാതെ മറ്റാര് എന്നതാണ് ജനങ്ങൾക്ക് ബോധ്യമായത്.
ഇടതുമുന്നണിയിൽ സി.പി.എം. മാത്രമാണ് മത്സരിക്കുന്നതെന്ന രീതിയിലായി. പിണറായി വിജയന്റെ ഒറ്റച്ചിത്രം പതിച്ച് നടത്തിയ പ്രചാരണ ബോർഡും പരാജയത്തിന്റെ കാരണമായി. ഇതുരണ്ടും തെറ്റിപ്പോയെന്ന് റിപ്പോർട്ടിൽ ചേർത്തു.
സ്ഥാനാർഥിനിർണയം
സ്ഥാനാർഥിനിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവുപറ്റിയെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഓരോ മണ്ഡലത്തിലെയും പരാജയം ചെറിയവാചകത്തിൽ ഒതുക്കിയായിരുന്നു ആദ്യ റിപ്പോർട്ട്.
ജില്ലാഘടകങ്ങളെ പരിഗണനയിലെടുക്കാതെ ഏകപക്ഷീയ സമീപനം സംസ്ഥാനനേതൃത്വത്തിൽനിന്നുണ്ടായെന്നാണ് കൂട്ടിച്ചേർക്കൽ. ചടയമംഗലം, ചാത്തന്നൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, നാദാപുരം എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിനിർണയത്തിൽ പിഴവുണ്ടായി.
കേരളത്തിൽ സംഘടനാ ദൗർബല്യം ഉണ്ടായെന്ന് സിപിഎം.
ന്യൂഡൽഹി: സ്ഥാനാർഥി നിർണയങ്ങളിലെ പാളിച്ചയും സംഘടനാ ദൗർബല്യങ്ങളും കേരളത്തിൽ നിയമസഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവിയിലേക്ക് എത്തിച്ചെന്ന് സിപിഎം.
ഇതുമറികടക്കാൻ അടിയന്തരമായി തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കാൻ പാർട്ടി സംസ്ഥാനഘടകത്തോട് പൊളിറ്റ് ബ്യൂറോ നിർദേശിച്ചു. ഇതുൾപ്പെടെ കേരളത്തിലെ തോൽവി സംബന്ധിച്ച വിശദചർച്ച ജൂലായ് 11 മുതൽ മൂന്നുദിവസം ചേരുന്ന പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിൽ നടക്കും.
പത്തുവർഷത്തെ ഇടതുഭരണം കേരളത്തിന് നേട്ടമുണ്ടാക്കിയെങ്കിലും പാർട്ടിയുടെ നിർണായക വോട്ടുബാങ്കായ പരമ്പരാഗത, അടിസ്ഥാന ജനവിഭാഗങ്ങളെ പൂർണമായി തൃപ്തിപ്പെടുത്തുന്നതായില്ലെന്ന സ്വയംവിമർശനവും വെള്ളിയാഴ്ച ആരംഭിച്ച പി.ബി. യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ച കരടുറിപ്പോർട്ടിലുണ്ട്.
രണ്ടുദിവസത്തെ യോഗം അംഗീകരിക്കുന്ന ഈ റിപ്പോർട്ട് കേന്ദ്രകമ്മിറ്റി യോഗം ചർച്ചചെയ്യും. നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിലുണ്ടായ സ്ഥിതിവിശേഷവും പി.ബി. ചർച്ചചെയ്തു. തൃണമൂലിനെ പിളർത്തി ബി.ജെ.പി. നടത്തുന്ന നീക്കങ്ങൾ സി.പി.എം. അടക്കമുള്ള പ്രതിപക്ഷസ്വരങ്ങളെ ഇല്ലാതാക്കാനാണെന്നാണ് പാർട്ടി വിലയിരുത്തൽ.
ഇതിനെതിരേ ജാഗ്രത പുലർത്തണം. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ബംഗാളിൽ സി.പി.എം. പ്ലീനം വിളിച്ചുചേർക്കും. യോഗം ശനിയാഴ്ച സമാപിക്കും.
Content Highlights: CPI state council demanded revisions in the election defeat report regarding anti-incumbency. Report identifies flaws in campaign slogans and candidate selection processes. CPM acknowledges organizational weaknesses and leadership errors in Kerala. CPM Politburo initiates self-correction process to address voter alienation in traditional sectors. Special central committee meeting scheduled for July 11 to discuss the electoral setback.
Published: 27 Jun 2026, 02:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented