തിരുവനന്തപുരം: സി. അച്യുതമേനോനോട് സി.പി.എം. കാണിക്കുന്ന അയിത്തത്തെ പരസ്യമായി ചോദ്യംചെയ്ത് സി.പി.ഐ. നടത്തുന്ന പ്രചാരണം സി.പി.എം. ഏറ്റുപിടിക്കില്ല. സി.പി.ഐ.യുടെ രാഷ്ട്രീയവാദവും പ്രചാരണവും മാത്രമായി അതിനെ കണ്ടാൽമതിയെന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം.

To advertise here,

ചരിത്രനേട്ടങ്ങളിൽ പിണറായി സർക്കാരിനെ അടയാളപ്പെടുത്താൻ സി.പി.എം. ഉയർത്തുന്ന തുടർഭരണം, വികസനനേട്ടം എന്നിവയെല്ലാം റദ്ദാക്കുന്നത് കൂടിയാകും അച്യുതമേനോനെ അംഗീകരിക്കുന്നതിലൂടെ ഉണ്ടാകുക. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും അതിനായി ഉയർത്തിയ പ്രത്യയശാസ്ത്ര തർക്കവുമെല്ലാം ഇല്ലാതായി ഇരുപാർട്ടികളും ചങ്ങാത്തത്തിലായിട്ടും അച്യുതമേനോനെ സി.പി.എം. പടിക്ക് പുറത്തുനിർത്തുന്നതാണ് സി.പി.ഐ. ചോദ്യം ചെയ്യുന്നത്.

അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതും ഇടതുപക്ഷ സർക്കാരായിരുന്നുവെന്നാണ് സി.പി.ഐ. ആവർത്തിക്കുന്നത്. ഇ.എം.എസ്. സർക്കാരിനെ വീഴ്ത്തുകയും കോൺഗ്രസിനൊപ്പംചേർന്ന് ഭരിക്കുകയും ചെയ്തവർ എങ്ങിനെ ഇടതുപക്ഷമാകുമെന്നാണ് സി.പി.എം. ചോദിക്കുന്നത്. നയവും സമീപനവുമാണ് ഒരുസർക്കാരിന്റെ ഇടതുപക്ഷരീതി നിശ്ചയിക്കുന്നതെന്നാണ് ഇതിന് ബിനോയ് വിശ്വത്തിന്റെ വിശദീകരണം.

ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോൻ സർക്കാരാണ്. അതിന് തുടക്കമിട്ടത് സി.പി.ഐ. നേതാക്കൾകൂടി ഭാഗമായ ഇ.എം.എസ്. സർക്കാരാണ്. ഭൂപരിഷ്‌കരണത്തിന്റെ നേട്ടം ഇ.എം.എസ്. സർക്കാരിന് അപ്പുറത്തേക്ക് പോകാൻ സി.പി.എം. സമ്മതിക്കാറില്ല. ഭൂപരിഷ്കരണത്തിന്റെ അമ്പതാംവാർഷികം 2019-ൽ സി.പി.ഐ. ഒറ്റയ്ക്ക് നടത്തിയിരുന്നു.

തുടർഭരണം നേടിയ ആദ്യസർക്കാർ അച്യുതമേനോന്റേതായിരുന്നു. അഞ്ചുവർഷം പൂർത്തിയാക്കിയശേഷം തുടർഭരണം നേടുന്നത് പിണറായി സർക്കാരാണ്. കേരളത്തിലെ ആദ്യ തുടർഭരണവും, ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയും പിണറായി സർക്കാരിനാണെന്നാണ് സി.പി.എം. വാദം. ഇതും സി.പി.ഐ.യെ ചൊടിപ്പിക്കുന്നതാണ്.

അച്യുതമേനോന്റെ ഭരണകാലത്ത് ഭൂപരിഷ്‌കരണവും ഗ്രാറ്റ്വിറ്റി നിയമവും മാത്രമല്ല, 54 പൊതുമേഖലാസ്ഥാപനങ്ങളും തുടങ്ങി. ഇതിനാലാണ്, അച്യുതമേനോന്റെ ഭരണത്തിനപ്പുറം ഒരുഭരണവും കേരളത്തിന്റെ വികസനത്തിന് ദിശാബോധം നൽകുന്നതായി ഉണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറയുന്നത്. ഇത് സി.പി.എമ്മിനും അത്ര എളുപ്പത്തിൽ ദഹിക്കുന്നതല്ല.

‘വലതുകമ്യുണിസ്റ്റ്’ എന്നായിരുന്നു പിളർപ്പിന് പിന്നാലെ സി.പി.ഐ.ക്ക് സി.പി.എം. നൽകിയ പേര്. പിളർപ്പിന്റെ കാരണവും രാഷ്ട്രീയവും എല്ലാം മാറി. പ്രത്യയശാസ്ത്രഭിന്നതയും ഇപ്പോൾ കാര്യമായി ഇരുപാർട്ടികൾക്കുമില്ല. ഒന്നാകണമെന്ന ആവശ്യം ഉണ്ടായിട്ടും രണ്ടായി നിൽക്കുന്നതിന്റെ കാരണം സ്ഥാനവും ആസ്തിയുമാണ്. ഒന്നിച്ചുനിൽക്കേണ്ടകാലത്ത് അച്യുതമേനോനെയും ഉൾക്കൊണ്ട് തിരുത്തണമെന്ന സി.പി.ഐ. ആവശ്യം തത്‌കാലം സി.പി.എം. ഏറ്റെടുക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ രാഷ്ട്രീയകാലാവസ്ഥ നിലനിൽക്കുന്നതിനാൽ സി.പി.ഐ.യുടെ വാക്കുകൾക്ക് സി.പി.എം. മറുപടി പറയാനും ഇടയില്ല.