കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തം കോടതി പൂർണ്ണമായും തള്ളി. ഏറെ വിവാദമായ ഗൂഢാലോചനയെ പൂർണ്ണമായും തള്ളിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ് പൾസർ സുനിക്ക് പണം നൽകി, ഒരു ക്വട്ടേഷൻ ആയി ഈ കൃത്യം നിർവഹിച്ചു തുടങ്ങിയ പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി പൂർണമായും നിരാകരിച്ചു. ഇതുസംബന്ധിച്ച് പ്രോസിക്യൂഷൻ ഉയർത്തിയ തെളിവുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.

To advertise here,

പൾസർ സുനി ദിലീപിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനുസാധിച്ചിട്ടില്ലെന്നും, ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നും ഉത്തരവിൽ പറയുന്നു. ജയിലിൽവെച്ച് നടന്ന ഫോൺ സംഭാഷണങ്ങൾ, ജയിലിൽനിന്ന് കത്ത് വന്ന കാര്യങ്ങൾ എന്നിവയെല്ലാം ഗൂഢാലോചനയുടെ ഭാഗമായി പ്രോസിക്യൂഷൻ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിയമപരമായി പോരായ്മകൾ ഉള്ളതിനാൽ ഇതൊന്നും തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന തുടരന്വേഷണവും കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. കോടതിയെ പ്രോസിക്യൂഷൻ സംശയ നിലയിൽ നിർത്തി എന്ന് വിധിന്യായത്തിൽ ഉൾപ്പെടെ പറയുന്നുണ്ട്.

അതിനിടെ ദിലീപിൻ്റെ അറസ്റ്റിന് ശേഷവും വൈകിട്ട് ആറുമണി വരെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്ന് വിധിന്യായത്തിൽ പറയുന്നു. കസ്റ്റഡിയിലുള്ള ഒരാൾ എങ്ങനെയാണ് ഫോൺ ഉപയോഗിച്ചത് എന്ന കാര്യത്തിൽ കോടതി സംശയം രേഖപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഫ്എസ്എൽ റിപ്പോർട്ടിലൂടെ വെളിവാകുന്നുണ്ട്. ഇതിന് വിശദീകരണമായി, മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണ് തന്നെ വിളിച്ചുവരുത്തിയത് എന്നും, ആലുവ റൂറൽ എസ്പി എ.വി. ജോർജാണ് താനുമായി സംസാരിച്ചത് എന്നും ദിലീപ് വാദിച്ചു.

കേസിലെ ടീം ലീഡർ ആയിരുന്ന ദിനേന്ദ്ര കശ്യപിൻ്റെ (അന്നത്തെ ഐജി) സാന്നിധ്യമില്ലാതെയാണ് പല കാര്യങ്ങളും നടന്നതെന്ന ഗുരുതരമായ ആരോപണം ദിലീപ് കോടതി മുമ്പാകെ ഉന്നയിച്ചു. അന്നത്തെ ക്രൈം ബ്രാഞ്ച് എഡിജിപി ആയിരുന്ന ബി. സന്ധ്യ, ആലുവ റൂറൽ എസ്പി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരടങ്ങിയ സംഘമാണ് കാര്യങ്ങളിലേക്ക് പോയതെന്നാണ് ദിലീപിൻ്റെ പ്രധാന വാദം.

'ആകാശം ഇടിഞ്ഞു വീണാലും നീതി നടക്കട്ടെ' എന്ന വരി വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും നിയമപ്രകാരമുള്ള കാര്യങ്ങളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നും, നിയമമാണ് ഇവിടെ നടപ്പാക്കപ്പെടുന്നത് എന്നുമാണ് കോടതി വ്യക്തമാക്കുന്നത്. 1700-ൽ അധികം പേജുകൾ ഉള്ള വിധിന്യായത്തിന്റെ പ്രധാന ഭാഗങ്ങളാണ് പുറത്തുവരുന്നത്.

ഉത്തരവിന്റെ 1,110 മുതലുള്ള ഭാഗത്ത് ദിലീപിനെ എന്തുകൊണ്ട് വെറുതേ വിട്ടു എന്നത് സംബന്ധിച്ച് വ്യക്തത നല്‍കുന്നുണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.