നെടുമ്പാശ്ശേരി: തായ്ലാന്‍ഡില്‍നിന്ന് വിമാനത്തിലെത്തിയ പത്തനംതിട്ടയില്‍നിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ ഒന്നു ഞെട്ടി. കൗതുകം പകരുന്ന കുഞ്ഞന്‍ കുരങ്ങുകളും തത്തയിനത്തില്‍പ്പെട്ട നീല നിറത്തോടുകൂടിയ ഹയാസിദ് മക്കാവും ബാഗിനകത്ത്.

To advertise here,

വന്യജീവികളെ കടത്തിക്കൊണ്ടുവന്ന ജോബ്സണ്‍ ജോയ് (28), ഭാര്യ ആര്യമോള്‍ (28) എന്നിവരെ കസ്റ്റംസ് അപ്പോഴേ അകത്താക്കി. തിങ്കളാഴ്ച പുലര്‍ച്ചെ തായ് എയര്‍വേയ്സ് വിമാനത്തിലാണ് ഇവരെത്തിയത്. മക്കാവു കൂടാതെ മൂന്ന് മര്‍മോസെറ്റ് കുരങ്ങുകളും രണ്ട് വെളുത്ത അധരമുള്ള ടാമറിന്‍ കുരങ്ങുകളുമാണ് ബാഗില്‍ നിന്നു പുറത്തുചാടിയത്.

മക്കാവിന് നല്ല വലുപ്പമുണ്ട്. കുരങ്ങുകള്‍ കുഞ്ഞന്‍മാരാണ്. സംശയം തോന്നിയാണ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജ് തുറന്ന് പരിശോധിച്ചത്. പ്രത്യേകതരം പെട്ടിയിലാക്കിയാണ് വന്യജീവികളെ ഒളിപ്പിച്ചിരുന്നത്. 

ജൂണ്‍ 24-നാണ് ഇവര്‍ തായ്ലാന്‍ഡിലെ ബാങ്കോക്കിലേക്ക് പോയത്. പണത്തിനുവേണ്ടിയാണ് കാരിയര്‍മാരായതെന്ന് ഇവര്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഒരാള്‍ അരികിലെത്തി വന്യജീവികളെ ഏറ്റുവാങ്ങുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. പിടിയിലായവരെയും വന്യജീവികളെയും കസ്റ്റംസ് വനംവകുപ്പിനു കൈമാറി.

പിടിയിലായ വന്യജീവികള്‍ ലാറ്റിന്‍ അമേരിക്കന്‍ മഴക്കാടുകളിലാണ് ധാരാളം കണ്ടുവരുന്നത്. പിടിയിലായ വന്യജീവികളെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കാരക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ചൊവ്വാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

വന്യജീവി കടത്തിനു പിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള വമ്പന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വന്യജീവികളെ ഇന്ത്യയിലേക്ക് കടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. വന്യജീവികളെ കടത്തി ക്കൊണ്ടുവരുന്നവര്‍ പിടിയിലാകാറുണ്ടെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് അന്വേഷണം എത്താറില്ല.