കോട്ടയം: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക്‌ പരമാവധി വിലയേക്കാൾ മൂന്നുരൂപ കൂടുതൽ ഈടാക്കിയ ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റ് ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി.

To advertise here,

2021 സെപ്റ്റംബറിലാണ് വിനോദ് ചങ്ങനാശ്ശേരി പാറേൽപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിൽനിന്ന് കെ.എൽ.എഫിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയത്. വെളിച്ചെണ്ണ പാക്കറ്റിൽ 235 രൂപയാണ് എം.ആർ.പി.യായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ, വിനോദിൽനിന്ന് 238 രൂപ ഈടാക്കിയെന്നാണ് പരാതി. അധികവില ഈടാക്കിയത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന്‌ വിശദമായ തെളിവെടുപ്പിനുശേഷം കമ്മിഷൻ വിലയിരുത്തി.

പായ്ക്കറ്റിൽ പ്രിന്റ് ചെയ്തതിനേക്കാൾ അധികമായ വില ഈടാക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. അധികം വാങ്ങിയ മൂന്നുരൂപ 2021 സെപ്റ്റംബർ ഏഴുമുതലുള്ള ഒൻപതുശതമാനം പലിശസഹിതം തിരികെ നൽകാനും നിയമനടപടികൾമൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് 10,000 രൂപ നൽകാനുമാണ് അഡ്വ. വി.എസ്.മനുലാൽ പ്രസിഡന്റും കെ.എം.ആന്റോ അംഗവുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.