കൊച്ചി: ഒടുവില്‍ കോണ്‍ഗ്രസ് കാഡര്‍ പാര്‍ട്ടികളുടെ ശൈലി സ്വീകരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് ഫണ്ടുപിരിവ് തുടങ്ങുന്നു. മുന്‍പ് പാര്‍ട്ടി ചിഹ്നം മാത്രമേ സ്ഥാനാര്‍ഥിക്ക് നല്‍കാറുള്ളു. മത്സരിക്കാനുള്ള പണം കണ്ടെത്തേണ്ട ഉത്തരവാദിത്വം പിന്നെ സ്ഥാനാര്‍ഥികളുടേതാണ്. എന്നാല്‍, ഇക്കുറി ആദ്യമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കും മുന്‍പുതന്നെ അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു വേണ്ട ഫണ്ട്് പാര്‍ട്ടിതന്നെ സ്വരൂപിക്കുകയാണ്. ഇതിനായി വെള്ളിയാഴ്ച മുതല്‍ അഞ്ചുദിവസം ജനകീയ ഫണ്ട് പിരിവിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്‌ക്വാഡ് ഇറങ്ങും.

To advertise here,

പഞ്ചായത്തുകളില്‍ ഒരു വാര്‍ഡില്‍നിന്ന് പരമാവധി അറുപതിനായിരം രൂപ പിരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാതൃഭൂമിയോട് പറഞ്ഞു. ഇതില്‍ തൊണ്ണൂറുശതമാനം പണവും വാര്‍ഡ് കമ്മിറ്റികള്‍ക്ക് നല്‍കും. പത്തുശതമാനം മണ്ഡലം കമ്മിറ്റികള്‍ക്കും പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കും. ബ്ലോക്ക്-ഡിസിസി പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ട് വിനിയോഗിക്കില്ല.

കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പരമാവധി രണ്ടുലക്ഷം രൂപ വരെ പിരിക്കാനാണ് നിര്‍ദേശം. അവിടെയും വാര്‍ഡ് കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കുമായിരിക്കും ഫണ്ട് നല്‍കുക. മണ്ഡലം പ്രസിഡന്റിന്റെയോ ബ്ലോക്ക് പ്രസിഡന്റിന്റെയോ പേരിലും സ്ഥലത്തെ മുതിര്‍ന്ന ഡി.സി.സി. നേതാവിന്റെയോ പേരിലായിരിക്കും ഫണ്ട് സൂക്ഷിക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിയെത്തിയാല്‍ സ്ഥാനാര്‍ഥിയുടെ നിയന്ത്രണത്തിലുള്ള വാര്‍ഡ് കമ്മിറ്റികള്‍ക്ക് ഈ ഫണ്ട് നല്‍കും. ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പറ്റുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.