കൊച്ചി: ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടി പോലീസ്.

To advertise here,

ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയത് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നത്. എന്നാല്‍ പരാതിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.

ഈ ശബ്ദ സന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. കൂടാതെ മറുവശത്തുള്ള ആളെ സംബന്ധിച്ചും വ്യക്തവരേണ്ടതുണ്ട്. ഇതേത്തുടര്‍ന്നാണ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.  അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.