തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും. 

To advertise here,

'എന്റെ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ബാബറി മസ്ജിദ് തകര്‍ത്തതിന് ഈ രാജ്യംതന്നെ സാക്ഷിയാണ്. വിധിയുടെ പ്രാഥമിക വിവരങ്ങള്‍ അറിയുമ്പോള്‍ പൗരന്‍ എന്ന നിലയിലും അഭിഭാഷകന്‍ എന്ന നിലയിലും തലകുനിക്കുന്നു. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു.. മുറിവില്‍ കൂടുതല്‍ വേദന പകരാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരും'- മാത്യൂ കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്? എന്നായിരുന്നു വി.ടി.ബല്‍റാം എം.എല്‍.എയുടെ പ്രതികരണം. 

ഭാരതത്തിന്റെ നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ദിനമാണ് ഇന്ന്. ഇത്രയുമധികം വിഷ്വല്‍ എവിഡെന്‍സുള്ള ബാബറി മസ്ജിദ് കേസില്‍ ഇതാണ് കോടതി വിധിയെങ്കില്‍ ഇനി നമ്മള്‍ എങ്ങോട്ടാണെന്ന് കെ.എസ് ശബരീനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 

പള്ളിയേ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞില്ലല്ലോ !? പുതിയ ഇന്ത്യയിലെ പുതിയ നിയമം എന്ന് പിസി വിഷ്ണുനാഥ് കുറിച്ചു.

വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാബ്‌റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുനമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകര്‍ത്തതു പോലെ ദുഖകരമാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധി രാജ്യത്തിന്റെ നീതി ബോധത്തോടും മതേതര  മനസ്സുകളോടുമുള്ള വെല്ലുവിളിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫാസിസ്റ്റ് കാലത്ത് കോടതികള്‍ പോലും സംഘപരിവാര്‍ അജണ്ടകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയാണ്. ലോകം മുഴുവന്‍ കണ്ട അന്യായത്തെ പരമോന്നത നീതി പീഠം കാണാതെ പോയതല്ല , കാണണ്ട എന്ന് തീരുമാനിച്ചതാണ്. മോദിക്കാലത്തെ കോടതി വിധികളില്‍ പലതും നീതി ന്യായ വ്യവസ്ഥയുടെ കരുത്ത് ചോര്‍ത്തി മൂന്നാം തൂണിനെ അനീതിയുടെയും അന്യായത്തിന്റെയും വിഹാര കേന്ദ്രമാക്കുകയാണ്. ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും വിഭാഗീയതയുടെ വിത്തുകള്‍ പാകുമ്പോള്‍ ഉറച്ച മതേതര മൂല്യവും വിശാലമായ ജനാധിപത്യ ബോധവും തന്നെയാണ് ചെറുത്ത് നില്‍പിന്റെ അടിത്തറ. ചെറുത്ത് തോല്‍പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഷാഫി പറമ്പില്‍ കുറിച്ചു.