
തൊടുപുഴ: സ്ഥിരമായി കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റിൽ കണ്ണുവെച്ച് കോൺഗ്രസ്. ആഗ്രഹം മുളയിൽത്തന്നെ നുള്ളാൻ കേരള കോൺഗ്രസും രംഗത്ത്. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭയും ഇക്കുറി യുഡിഎഫിനൊപ്പം പോന്നിരുന്നു. ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളിൽ ഇടുക്കിയെ ഉൾപ്പെടുത്തണമെങ്കിൽ പാർട്ടിതന്നെ മത്സരിക്കേണ്ടിവരുമെന്നാണ്, ഡിസിസി നേതൃത്വം കെപിസിസിക്ക് നൽകിയ റിപ്പോർട്ട്. ഇവിടെയൊരു സ്ഥാനാർഥി കൈപ്പത്തിയിൽ മത്സരിച്ചിട്ട് ഏറെ വർഷങ്ങളായി. ഇടുക്കിയിൽ വിജയിക്കാൻ കോൺഗ്രസ് സ്ഥാനാർഥി വരുന്നതാണ് നല്ലതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പരസ്യമായി പ്രതികരിച്ചു.
ഇക്കാര്യം പരിഗണിക്കാമെന്ന് സംസ്ഥാനനേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തിലാകെയുണ്ടായ വിജയം തങ്ങളുടെ കഠിനാധ്വാനംകൊണ്ടാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കേരള കോൺഗ്രസിന് സീറ്റ് വീണ്ടും നൽകിയാൽ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും ചില നേതാക്കൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഏത് സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പ്രതികരിച്ചതെന്നറിയില്ലെന്നും, സീറ്റ് വിട്ടുനൽകില്ലെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. കഴിഞ്ഞതവണ സംസ്ഥാനത്ത് മത്സരിച്ച പത്തുസീറ്റിൽ ഇക്കുറിയും മത്സരിക്കും.
ഇടുക്കിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാത്രമാണ് ജയിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സീറ്റുവിഭജനചർച്ചകൾവഴി ഇടുക്കി സീറ്റ് കോൺഗ്രസിനുതന്നെ ലഭിക്കുമെന്നാണ് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. അങ്ങനെയാണെങ്കിൽ, നിലവിൽ കട്ടപ്പന നഗരസഭാ ചെയർമാൻകൂടിയായ ജോയി വെട്ടിക്കുഴിയെയോ യൂത്ത് കോൺഗ്രസ് നേതാവ് ബിജോ മാണിയെയോ മത്സരിപ്പിക്കുമെന്നാണ് കരുതുന്നത്. എൽഡിഎഫിൽനിന്ന് റോഷി അഗസ്റ്റിൻതന്നെ മത്സരിക്കാനാണ് സാധ്യത.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും കട്ടപ്പന നഗരസഭയും യുഡിഎഫിന് ലഭിച്ചിരുന്നു. റോഷി അഗസ്റ്റിന്റെ വ്യക്തിപ്രഭാവംകൊണ്ട് ഈ പിന്നോട്ടടി മറികടക്കാൻ സാധിക്കുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് തന്നെ സീറ്റ് നിലനിർത്തിയാൽ ജില്ലാ പഞ്ചായത്ത് മുൻ അംഗംകൂടിയായ പ്രൊഫ. എം.ജെ. ജേക്കബിനാണ് സാധ്യത. തൊടുപുഴയും ഇടുക്കിയുമാണ് ജില്ലയിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന രണ്ട് സീറ്റ്. തൊടുപുഴയിൽ പി.ജെ. ജോസഫോ മകൻ അപു ജോസഫോ മത്സരിക്കും.
Content Highlights: Congress aims to reclaim the Idukki constituency, currently held by Kerala Congress. Local body election results boost Congress`s hopes of wresting the seat back.
Published: 06 Jan 2026, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented