കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്ത് മുൻനിരയിലെത്താൻ നേതാക്കൾ ഉന്തും തള്ളും ഉണ്ടാക്കിയതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. മുഖം കാണിക്കേണ്ടത് ഇടിച്ചു കയറിയല്ലെന്ന് വീക്ഷണത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. നിലയ്ക്കുംവിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്നും വീക്ഷണം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
'ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്' എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചുനിൽക്കാൻ കഴിയുന്നതരം 'പൊതുപ്രവർത്തന അലിഖിത ചട്ടം' നിലവിൽ വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു എന്നത് മറന്നുപോകരുതെന്നും നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുതെന്നും വീക്ഷണം പറയുന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഒരു പ്രോട്ടോക്കോൾ ആവശ്യമാണെന്നാണ് വീക്ഷണം മുന്നോട്ടുവെക്കുന്ന നിർദേശം. നേരത്തെതന്നെ ഇത്തരത്തിൽ ഒരു പ്രോട്ടോക്കോൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം അനിഷ്ട സംഭവഭങ്ങൾ ഒഴിവാക്കാമായിരുന്നു. ഇനിയുള്ള പൊതുപരിപാടികളിലെങ്കിലും കൃത്യമായ മാതൃക കാണിക്കേണ്ടത് ബൂത്തുമുതൽ കെപിസിസി വരെയുള്ള ഭാരവാഹികളാണെന്നുകൂടി മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.
മുഖപ്രസംഗത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ
...ഈ പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും നമ്മളിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഏത് മഹത്തായ പരിപാടിയേയും, മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിൽ അതിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നിലമറന്ന് പെരുമാറുന്നു. സമൂഹമധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും നമ്മൾ മതിയാക്കണം. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത പലതും പൈതൃകമായുള്ള കോൺഗ്ര സ് പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടി ച്ചുതള്ളിയും അപകീർത്തിപ്പെടുത്തരുത്.
കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയുന്നതരം 'പൊതുപ്രവർത്തന അലിഖിത ചട്ടം' നിലവിൽ വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു എന്നത് മറന്നു പോകരുത്.
സംഘാടക മികവ് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മാത്രമായി ഒതുങ്ങി പോകരുത്. പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിച്ച് കുഴപ്പങ്ങളില്ലാതെ അവസാനിപ്പിക്കാനും സംഘാടകർ പ്രത്യേകം ശ്രദ്ധവെക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് എത് തലത്തിൽ പെട്ട ഘടകങ്ങളാണെങ്കിലും പാർട്ടി പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. അതു മറക്കരുത്.
ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാല തയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുത്. കോൺഗ്രസിന്റെ പാർട്ടി വേദികളിൽ അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തേക്കാൾ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃക കാണിക്കുവാൻ കഴിയുന്നവരായി ബൂത്ത് മുതൽ കെപിസിസി വരെയുള്ള ഭാരവാഹികൾക്ക് കഴിയണം. ഉദ്ഘാടകനും അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കന്മാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പു വരുത്തണം. ഈ പരിപാടികൾ നേരിട്ടും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ കാണുന്നവർക്ക് വിമർശിക്കുവാൻ ഇടവരാത്ത സാഹചര്യം ഉണ്ടാകണം. പ്രകടനങ്ങളിലും ജാഥകളിലും ക്യാമറ ഫ്രെയിമിൽ മുഖം വരുത്താൻ പരസ്പരം ഉന്തും തള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തിൽ പാർട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോൺഗസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയിൽ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം മു ഴക്കുന്ന സാധാരണ പ്രവർത്തകന്റെ വികാരം മുൻനിര യിൽ നിൽക്കുന്നവർ തിരിച്ചറിയണം.
Content Highlights: Congress Criticized for DCC Office Inauguration
Published: 21 Apr 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented