കൊട്ടാരക്കര: കടലിൽ കപ്പൽ മുങ്ങിയത് ഇടതുമുന്നണി കാരണമാണെന്ന് ആരോപിക്കുന്നതു പോലെയാണ് ദേശീയപാത തകർന്നതിൽ കോൺ​ഗ്രസ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് മന്ത്രി കെ.എൻ.ബാല​ഗോപാൽ. ഇതു ജനം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്​ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. 

To advertise here,

ഏതു സ്ഥലത്തും പാലവും പാതയും തകരുന്നത് നിർമ്മാണത്തിലെ പിഴവോ പരിസ്ഥിതി പ്രശ്നങ്ങളോ ആകും കാരണം. മലപ്പുറത്ത് ദേശീയപാത തകർന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് ദേശീയപാത നിർമ്മിക്കുന്നത്. അവർ കരാർ നൽകിയിരിക്കുകയാണ്. നിർമ്മാണത്തിലുണ്ടായ പിഴവുകൾ അന്വേഷിക്കേണ്ടതും പരിശോധിക്കേണ്ടതും കേന്ദ്രസർക്കാരാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ ആറായിരം കോടി നൽകി എന്നത് മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യക്തിപ്രശ്നങ്ങൾ ചർച്ചയായാൽ ഒരു കാരണവുമില്ലാതെ രാജിവച്ച് തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള പ്രതിഷേധമാകും ഉയരുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫിന് അനുകൂലമായുളള വിധിയെഴുത്താകും ഉണ്ടാവുക. കേരളം സമാധാനവും പുരോ​ഗതിയുമുള്ള സംസ്ഥാനമാണ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടായാൽ ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.