കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തത്തിൽ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കൈകളിലിട്ട മൂന്ന് വള ആശുപത്രിയധികൃതർ ബന്ധുക്കൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്.

To advertise here,

കഴിഞ്ഞ വ്യാഴാഴ്ച അപകടംനടന്നയുടൻ സംഭവസ്ഥലത്തുനിന്ന് ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളുംകൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരൻ ശിവദാസൻ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയിൽ ആഭരണം നഷ്ടപ്പെട്ടതായാണ് സംശയം. 

സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ദേവസ്വം മന്ത്രി വി.എൻ. വാസവന്റെയും കാനത്തിൽ ജമീല എം.എൽ.എ.യുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.