കൊച്ചി: കുഴഞ്ഞുവീണ് മരിച്ച ഇ.വൈ. (ഏണസ്റ്റ് ആന്‍ഡ് യങ്) ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ വീട്ടിൽ കമ്പനി അധികൃതരെത്തി. അമിതജോലിഭാരം മൂലമാണ് അന്നയുടെ മരണമെന്ന ആരോപണം നിലനിൽക്കെയാണ് ഇ.വൈ. കമ്പനി അധികൃതർ അന്നയുടെ കൊച്ചിയിലെ
വീട്ടിലെത്തിയത്. കമ്പനിയുടെ പങ്കാളികൾ, സീനിയർ മാനേജർ, എച്ച്.ആർ മാനേജർ എന്നിവരാണ് കമ്പനിയിൽനിന്നും എത്തിയത്. 

To advertise here,

കമ്പനിയിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് സിബി ജോസഫ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ല. ഇപ്പോള്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മാത്രമാണ് കമ്പനി അധികൃതര്‍ വീട്ടിലെത്തിയത്. ഇനി ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് അവർ പറഞ്ഞതായും സിബി ജോസഫ് വ്യക്തമാക്കി. 

അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ, ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ്‌ നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയിൽനടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് - അമ്മ എഴുതിയ കത്തിൽ പറഞ്ഞിരുന്നു.