
ചിറക്കടവ് (കോട്ടയം) : പെരുമഴക്കാലത്ത് അന്യന്റെ കുഞ്ഞിന് തീറ്റ തേടി നടക്കുകയാണ് കരിയിലക്കിളികൾ. അതും അവയെ പറ്റിച്ച് കൂട്ടിൽ മുട്ടയിട്ട കുയിലിന്റെ കുഞ്ഞിന്. ചിറക്കടവ് തെക്കേത്തുകവല മുരുത്തുമല ഭാഗത്താണ് ദിവസങ്ങളായി ഇവയെ കാണുന്നത്. കുയിലിന്റെ വകഭേദമായ പേക്കുയിലിന്റെ കുഞ്ഞിനാണ് (common hawk cuckoo) കരിയിലക്കിളി(jungle Babbler)ചപ്പിലക്കൂട്ടത്തിലും മണ്ണിലും ഇരതേടി നടക്കുന്നത്.
ആറും ഏഴും എണ്ണം തങ്ങളെക്കാൾ രണ്ടിരട്ടി വലിപ്പമുള്ള പേക്കുയിൽ കുഞ്ഞിനെ തീറ്റാൻ ഓടി നടക്കുന്നു. തീറ്റ കിട്ടിയില്ലെങ്കിൽ 'പിപ്പിയാ... പിപ്പിയാ...' എന്ന് ഉറക്കെക്കരഞ്ഞ് ചിറകുകൾ തുരുതുരാ വിറപ്പിച്ച് കുയിൽക്കുഞ്ഞ് ബഹളം കൂട്ടുന്നു.
‘‘കുറച്ചുകൂടി, കുറച്ചുകൂടി... എന്ന് കെഞ്ചിക്കൊണ്ടിരിക്കുന്നതായി തോന്നും. തത്സമയം ആവഴി വരുന്ന കാക്കകളെയും മറ്റും കൊത്തി ഓടിക്കുന്ന കരിയിലക്കിളി സ്വന്തം ആഹാരത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന് സംശയം”- ‘കേരളത്തിലെ പക്ഷികൾ’ പുസ്തകത്തിൽ ഇന്ദുചൂഡൻ വിവരിക്കുന്നതിന്റെ നേർക്കാഴ്ച. റബ്ബർതോട്ടങ്ങളും മരങ്ങളും കൂടുതലുള്ളതിനാലാവാം മുരുത്തുമല പ്രദേശത്ത് ഇവ ചുറ്റിത്തിരിയുന്നത്.
അന്യജീവനുതകി സ്വജീവിതം...
“ജംഗിൾ ബാബ്ലറുകൾ സാമൂഹിക ജീവിതത്തിന് പേരുകേട്ടവയാണ്. സാധാരണയായി 6–10 അംഗങ്ങളുള്ള കൂട്ടങ്ങളായി ജീവിക്കുന്നു. പല കൂട്ടങ്ങളിലും ഒരു പ്രധാന പ്രജനനജോഡിയാണ് മുട്ടയിടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നത്. കൂട്ടത്തിലെ മറ്റ് അംഗങ്ങളും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുക, ശത്രുക്കളിൽനിന്ന് സംരക്ഷിക്കുക, വളർത്തുന്നതിൽ സഹായിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു. സഹകരണ പ്രജനനം (Cooperative Breeding) എന്നറിയപ്പെടുന്ന ഈ സ്വഭാവം ജംഗിൾ ബാബ്ലറുകളുടെ പ്രത്യേകതയാണ്. മറ്റുചില കുയിൽവർഗങ്ങളിൽനിന്ന് വ്യത്യസ്തമായി, പേക്കുയിലിന്റെ കുഞ്ഞ് സാധാരണ ആതിഥേയ പക്ഷിയുടെ കുഞ്ഞുങ്ങളെ കൂട്ടിൽനിന്ന് പുറത്തേക്ക് തള്ളിയിടാറില്ല. പകരം, അവയ്ക്കൊപ്പംതന്നെ വളരുകയും ജംഗിൾ ബാബ്ലറുകൾ നൽകുന്ന ഭക്ഷണവും പരിചരണവും പങ്കിടുകയും ചെയ്യുന്നു”-കോട്ടയം നേച്ചർ സൊസൈറ്റി അംഗങ്ങളും പക്ഷിനിരീക്ഷകരുമായ ഡോ. ബി. ശ്രീകുമാർ, ഡോ. ഹരീഷ് നമ്പ്യാർ എന്നിവരും പൂക്കോട് വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ.ആർ.എൽ. രതീഷും ഈ കിളികളുടെ സ്വഭാവം വെളിപ്പെടുത്തുന്നതിങ്ങനെയാണ്.
Content Highlights: Witness the rare phenomenon of Jungle Babblers feeding a Common Hawk Cuckoo chick in Kottayam.
Published: 05 Aug 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented