കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഇതുവരെ കേസെടുത്തിട്ടില്ല. 150-തോളം തൊഴിലാളികളെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.

To advertise here,

കപ്പലിന്റെ ഉൾവശത്തെ ചുവരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് ഇത് എഴുതിയിരുന്നത്. 14-നാണ് കപ്പലിനുള്ളിൽ എഴുത്ത് കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നു. ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വഷണം. സംഭവശേഷം ജോലിക്ക് വരാത്തവരുടെ പട്ടികയും എടുക്കുന്നുണ്ട്.

കപ്പൽ കൊച്ചിയിൽ എത്തുന്നതിന് മുൻപാണോ ഇത് എഴുതിയതെന്ന് സംശയം ഉയർന്നിരുന്നെങ്കിലും പഴക്കമില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. കേന്ദ്ര ഏജൻസികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

2019-ൽ ഐ.എൻ.എസ്. വിക്രാന്ത് നിർമാണത്തിലിരിക്കെ ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടിയതിന് സമാനമായ രീതിയിൽ ഈ സംഭവത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പാകിസ്താൻ ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് ഷിപ്പ്‌യാർഡിന്റെ മാൽപെ യൂണിറ്റിൽനിന്ന് 2025-ൽ യു.പി.ക്കാരായ രണ്ട് കരാർ തൊഴിലാളികൾ അറസ്റ്റിലായതടക്കം മുൻപും ഷിപ്പ്‌യാർഡിൽ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.