തൃശ്ശൂർ: കേന്ദ്ര ചട്ടഭേദഗതിപോലെ വെടിക്കെട്ടിന് തടസ്സം സൃഷ്ടിച്ച് കൊച്ചിൻ ദേവസ്വം ബോർഡും. തൃശ്ശൂർ പൂരം സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ വേലവെടിക്കെട്ടിന്റെ അനുമതിയാണ് വൈകിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം ഭാരവാഹികൾ നേരിട്ടെത്തി അന്വേഷിച്ചപ്പോഴും ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന മറുപടിയാണ് ജില്ലാഭരണകൂടത്തിൽനിന്ന്‌ ലഭിച്ചത്. അതേസമയം മറ്റുപല വിഭാഗങ്ങളും വെടിക്കെട്ടിനുള്ള അനുമതി ജില്ലാ ഭരണകൂടത്തിന് നൽകുകയും ചെയ്തു.

To advertise here,

വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്തിന്റെ ഉടമസ്ഥർ എന്ന നിലയ്ക്കാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി വേണ്ടിവരുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലെ വേല ജനുവരി മൂന്നിനും തിരുവമ്പാടി ക്ഷേത്രത്തിലെ വേല ജനുവരി അഞ്ചിനുമാണ്.

പോലീസ്, അഗ്നിരക്ഷാസേന, ദേവസ്വം ബോർഡ്, റവന്യൂ തുടങ്ങി പലതലത്തിലുള്ള അനുമതികളാണ് വെടിക്കെട്ടിന് വേണ്ടത്. ഇത്തരം അനുമതികൾ വാങ്ങിയശേഷം ജില്ലാ ഭരണകൂടമാണ് ദേവസ്വങ്ങൾക്ക് വെടിക്കെട്ടിനുള്ള അന്തിമാനുമതി നൽകുന്നത്. ഇതിൽ പല വകുപ്പുകളിൽനിന്നുമുള്ള അനുമതികളും ജില്ലാഭരണകൂടത്തിന് ലഭിച്ചുകഴിഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഒരുമാസംമുമ്പാണ് വേലവെടിക്കെട്ടുകൾക്കായി അപേക്ഷ നൽകിയത്.

പൂരം പ്രദർശനത്തിന്റെ തറവാടകപ്രശ്‌നവുമായി ബന്ധപ്പെട്ടും ദേവസ്വം ബോർഡ് കടുത്ത നിലപാടു തുടരുന്നതിനിടെയാണ് വേലവെടിക്കെട്ടിനും അനുമതി വൈകിപ്പിക്കുന്നത്.

പ്രദർശനവാടകയിനത്തിൽ ദേവസ്വങ്ങൾ 3.68 കോടി രൂപ നൽകാനുണ്ടെന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വാടക 42 ലക്ഷമായി നിശ്ചയിച്ചതിനെ തള്ളിക്കൊണ്ടായിരുന്നു ഇത്.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ദേവസ്വം ബോർഡ് എതിർച്ചേരിയിൽ നിൽക്കുകയാണ് എന്ന അഭിപ്രായമാണ് പൂരം സംഘാടകർക്കുള്ളത്.