തിരുവനന്തപുരം: എക്‌സാലോജിക്, ഹവാലക്കേസുകളിൽ പഴുതടച്ചുള്ള നിയമപോരാട്ടം നടത്താൻ സി.പി.എം. അഴിമതിക്കേസിൽ പ്രതിയാക്കിയെങ്കിലും പ്രതിപക്ഷനേതാവ് പദവിയിൽനിന്ന് പിണറായി വിജയൻ മാറിനിൽക്കില്ല. ലാവ്‌ലിൻ കേസിൽ പ്രതിയാക്കിയപ്പോൾ, പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും ഔദ്യോഗിക ഭരണപദവികൾ വഹിക്കുമ്പോഴാണ് അത്തരം പ്രശ്‌നങ്ങളുള്ളതെന്നുമായിരുന്നു അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. ഇപ്പോൾ പിണറായി പ്രതിപക്ഷനേതാവ് എന്ന ഔദ്യോഗിക പദവിയിലാണ്. പക്ഷേ, പ്രകാശ് കാരാട്ട് വിശദീകരിക്കുന്ന ഘട്ടത്തിലെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴത്തേതെന്നാണ് സി.പി.എം. നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

To advertise here,

പിണറായി രാജിവെക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. തൽക്കാലം അത്തരം രാഷ്ട്രീയവാദം ഉയർത്താൻ യു.ഡി.എഫ്. തയ്യാറാകില്ല. കേസിന്റെ ഗതിനോക്കി മാത്രം ഇതിൽ രാഷ്ട്രീയ അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ് യു.ഡി.എഫ്. നേതാക്കൾക്കിടയിലെ പൊതുധാരണ. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസിൽ, സർക്കാരിന് അധികതാൽപര്യമുണ്ടെന്ന പ്രതീതി ഒരുതരത്തിലും യു.ഡി.എഫ്. ഉണ്ടാക്കില്ല.

പ്രതീക്ഷ സുപ്രീംകോടതിയിൽ

പിണറായി വിജയൻ, മകൾ ടി.വീണ, മകളുടെ ഭർത്താവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.

ഇ.ഡി. നൽകിയ കത്ത് മാത്രം പരിഗണിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നതാണ് കോടതിയിൽ ഉന്നയിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വാദം പ്രാഥമികമായി തള്ളി. പക്ഷേ, അതിൽ അൽപം കാര്യമുണ്ടെന്ന ധ്വനി കോടതിയുടെ നിഗമനത്തിലുണ്ടെന്നാണ് സി.പി.എം. നേതാക്കളോട് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിനെതിരേ നിയമപരമായ വഴിതേടാമെന്ന് ഹൈക്കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ഇ.ഡി. കേസുകളിൽ സുപ്രീംകോടതിയുടെ പല വിധിന്യായങ്ങളും പ്രതികളാക്കപ്പെട്ടവർക്ക് അനുകൂലമായി മാറിയിട്ടുണ്ട്. അതിലെല്ലാം ഇ.ഡി. രാഷ്ട്രീയപകപോക്കൽ നടത്തിയെന്ന നിഗമനത്തെ ശരിവെക്കുന്ന പരമാർശങ്ങളുമുണ്ട്.

സമാനമായ സാഹചര്യമാണ് പിണറായിക്കും കുടുംബത്തിനുമെതിരേ നടക്കുന്നതെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ് സി.പി.എം. ശ്രമിക്കുക. ഇ.ഡി.യുടെത് ആരോപണം മാത്രമാണെന്നും ആരോപണവിധേയരെക്കൂടി കേട്ടശേഷം അന്വേഷണംവേണമെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സി.പി.എം.