കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ചേര്‍ത്തുപിടിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഉമാ തോമസ് പറഞ്ഞു. നാടാകെ ചേര്‍ന്നുനിന്നെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.

To advertise here,

നിയമസഭയില്‍ പോകണമെന്ന് പറഞ്ഞിരിക്കുകയാണ് എം.എല്‍.എയെന്ന് ഡോക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍, 'ഇപ്പോള്‍ ഇവര്‍ പറഞ്ഞതനുസരിക്കൂ ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം' എന്നായിരുന്നു മുഖ്യമന്ത്രി ഉമാ തോമസിനോടായി പറഞ്ഞത്.

ആശുപത്രിയ്ക്കകത്ത് ഡോക്ടറുടെ കൈ പിടിച്ച് എം.എല്‍.എ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സന്ദര്‍ശിക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉമാ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇങ്ങനെ കാണുന്നതില്‍ വിഷമമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് മിനിറ്റോളം ഇരുവരും സംസാരിച്ചു. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.

'വീഴ്ച പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് ഒന്നും ഓര്‍മയില്ല, പരിപാടിക്ക് പോയത് പോലും ഓര്‍മയില്ല' ഉമാ തോമസ് സംഭാഷണത്തിനിടെ പറഞ്ഞു.

വീഴുന്നതിന്റെ വീഡിയോ കണ്ട കാര്യം മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധംപിടിച്ചപ്പോള്‍ ഐ.സി.യുവില്‍ വെച്ച് ഉമാ തോമസിനെ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി ഡോക്ടറും പറഞ്ഞു.

മന്ത്രി കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഉമാ തോമസിനെ കാണാനായി എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.