
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ചുള്ള നയത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്. പിന്നാലെ മന്ത്രി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം പറയാം എന്ന് പറഞ്ഞുകൊണ്ടാണ് ഗണേഷ് കുമാർ തുടങ്ങിയത്. 'പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയ്യാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയ്യാറല്ല. ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം. അവരുടേത് ഒരു ബിസിനസ്സാണ്. അവർ നികുതി അടയ്ക്കുന്നവരാണ്. അവർ അത് നടത്തട്ടെ. നമുക്ക് എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ അവിടെ കളക്ഷൻ വർധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്‌സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി' മന്ത്രി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
'പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആർടി ബസ് ഓടാതിരിക്കുക എന്നത് മന്ത്രി ഒരു നയമായി പറഞ്ഞതായി തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസം ഉണ്ടാകും. അനാരോഗ്യകരമായ മത്സരം പാടില്ല എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, കേരളത്തിൽ പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിലും കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. അവിടുന്നെല്ലാം കെഎസ്ആർടിസി ബസ് പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാനാകില്ല. ആ തരത്തിലേക്ക് പോയാൽ വിഷമമായി മാറും' മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ താൻ പറഞ്ഞതിന്റെ അർഥം പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്ത് നിന്നും മാറികൊടുക്കണം എന്നല്ലെന്നും മന്ത്രി വിശദീകരിച്ചു. അങ്ങനെ മാറി കൊടുക്കില്ല. പ്രൈവറ്റ് ബസിന്റെ കുത്തക തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നത്. ബെംഗളൂരു റൂട്ടുകളിലൊക്കെ പ്രൈവറ്റ് ബസിനേക്കാൾ കളക്ഷനാണ് നമുക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Kerala CM Pinarayi Vijayan publicly corrected Transport Minister KB Ganesh Kumar over KSRTC`s route policy
Published: 04 Feb 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented