തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ  വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. 

To advertise here,

വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. അന്വേഷണത്തില്‍ എം.ആര്‍. അജിത്കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്നലെ കണ്ണൂരില്‍നിന്നും മടങ്ങിയെത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചത്. 

അതേസമയം, സ്വര്‍ണക്കടത്ത് കേസടക്കമുള്ള വിഷയങ്ങളില്‍ അജിത്കുമാറിനെതിരായുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, എഡിജിപി പി. വിജയനെതിരായ വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് രണ്ടുദിവസം മുമ്പ് സര്‍ക്കാരിന് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. 

ഡിജിപി ദര്‍വേഷ് സാഹിബിന്റെ സര്‍വീസ്‌കാലാവധി അടുത്തുതന്നെ അവസാനിക്കുമെന്നിരിക്കെ അടുത്ത ഡിജിപി ആരാകും എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഈ ചര്‍ച്ചകളില്‍ അജിത്കുമാറിന്റെ പേരും ഉള്‍പ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും അജിത്കുമാറിനെ സംരക്ഷിക്കുന്ന പ്രവര്‍ത്തികളാണ് ഉണ്ടാകുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.