കോഴിക്കോട്: ക്ലബ് എഫ്എം പാഠം ഒന്ന് ഒരു സ്‌കൂള്‍ ലൈബ്രറി കാമ്പയിനിലേക്ക് പുസ്തകം കൈമാറി. ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്സ് കേരള ഒരു ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ക്ലബ്ബ് എഫ്എമ്മിന് കൈമാറിയത്. കോഴിക്കോട് മാതൃഭൂമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഐഎച്ച്‌കെ ജനറല്‍ സെക്രട്ടറി ഡോ. എം. മുഹമ്മദ് അസ്ലം, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറിന് പുസ്തകങ്ങള്‍ കൈമാറി. 

To advertise here,

മയൂര ശ്രേയാംസ് കുമാര്‍ (ഡയറക്ടര്‍ ഡിജിറ്റല്‍ ബിസിനസ്), ഐഎച്ച്‌കെ വൈസ് പ്രസിഡന്റ് ഡോ. കെ. ഹരീഷ് കുമാര്‍, ഡോ. അശ്വിന്‍ പണിക്കര്‍, ഡോ. റെജു കരീം, ഡോ. അജിത് പി. രാജന്‍, ഡോ. ഫസലുറഹ്‌മാന്‍, ഡോ. ഷാനവാസ് വി.എസ്., ഡോ. സുരേഷ് ആര്‍., ഡോ. ഷിഹാദ്, ക്ലബ്ബ് എഫ്.എം. പ്രോഗ്രാമിങ് മാനേജര്‍ എസ്.ആര്‍. ശിഖ, റേഡിയോ സൊല്യൂഷ്യന്‍സ് മാനേജര്‍ വി. ദീപാങ്കുരന്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍ ഷബാസ് ജദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കഴിഞ്ഞ 13 വര്‍ഷമായി ക്ലബ് എഫ്എം നടത്തുന്ന പാഠം ഒന്ന് ഒരു കൈ സഹായം പദ്ധതിയുടെ തുടര്‍ച്ചയാണ് പാഠം ഒന്ന് ഒരു സ്‌കൂള്‍ ലൈബ്രറി പദ്ധതി. ലൈബ്രറിയില്ലാത്ത അര്‍ഹരായ സ്‌കൂളുകള്‍ക്ക് ലൈബ്രറി നല്‍കുന്നതാണ് പദ്ധതി. കേടുപാടുകളില്ലാത്ത പഴയ പുസ്തകങ്ങളോ പുതിയ പുസ്തകങ്ങളോ പദ്ധതിയിലേക്ക് സംഭാവന ചെയ്യാം. മാതൃഭൂമി ബുക്ക്‌സ്റ്റോറുകളിലും ക്ലബ്ബ് എഫ്എം ഓഫീസുകളിലും പിട്ടാപ്പള്ളില്‍ ഏജന്‍സി ഔട്ട്‌ലെറ്റുകളിലും ഹോം സോള്‍ തെയ്യമ്പാട്ടില്‍ ഔട്ട്‌ലെറ്റുകളിലും പുസ്തകങ്ങള്‍ സ്വീകരിക്കും. മാതൃഭൂമി ബുക്‌സില്‍ച്ചെന്ന് പാഠം ഒന്ന് ഒരു സ്‌കൂള്‍ ലൈബ്രറിയിലേക്ക് വാങ്ങുന്ന ഓരോ പുസ്തകത്തിനും മാതൃഭൂമി ബുക്‌സ് ഒരു പുസ്തകം അധികം നല്‍കുന്നതായിരിക്കും.