കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നും ഒഴിഞ്ഞ സിസ തോമസിന് പെൻഷനടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. വിരമിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്ന് ആരോപിച്ച് സർക്കാരിനെതിരേ സിസ തോമസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ആനുകൂല്യങ്ങൾ നൽകാത്തതിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. വൈസ്ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഗ്രാറ്റുവിറ്റിയടക്കമുള്ള യാതൊരു ആനുകൂല്യവും നൽകാത്തതെന്ന് കോടതി ചോദിച്ചിരുന്നു. സിസ തോമസിനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകൾ സംബന്ധിച്ച പ്രശ്നങ്ങൾ നിലവിലുള്ളതിനാലുമാണ് തടസമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതെല്ലാം വിരമിക്കുന്നതിന് മുമ്പുതന്നെ തീർക്കേണ്ടതല്ലേയെന്ന് കോടതി ചോദിക്കുകയും സർക്കാരിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കുകയുമായിരുന്നു.
2022 നവംബറിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ സാങ്കേതിക സർവകലാശാലാ വി.സിയായി അന്നത്തെ ചാൻസലറും ഗവർണറുമായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്. സർക്കാരിന്റെ നാമനിർദേശം തള്ളിയുള്ള ഈ നിയമനം സർക്കാരിനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് സിസ തോമസ് വിരമിക്കുന്ന മാർച്ച് 31-ന് ഹിയറിങ്ങിന് അഡീഷണൽ സെക്രട്ടറിയുടെ മുന്നിൽ ഹാജരാകണമെന്നുകാണിച്ച് തലേന്ന് ഓഫീസ് സമയത്തിനുശേഷം ഇ-മെയിലായി കത്തുനൽകുകയായിരുന്നു. വിരമിക്കൽ ദിവസമായതിനാലും വി.സി.യെന്നനിലയിലും പ്രിൻസിപ്പലെന്ന നിലയിലും മാർച്ച് 31-ന് ബില്ലുകൾ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകാനുള്ള അസൗകര്യമറിയിച്ച് സിസ മറുപടി നൽകി. എന്നാൽ വിരമിച്ചശേഷം പെൻഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോൾ അച്ചടക്കനടപടി തുടങ്ങിയതിനാൽ ഇപ്പോൾ നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Kerala High Court directs the government to pay Ciza Thomas`s pension and benefits within two weeks
Published: 30 May 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented