കോഴിക്കോട്: പത്താംക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നസംഭവത്തില്‍ നടപടി വൈകുന്നതില്‍ ദുരൂഹത. ആരോപണമുയര്‍ന്ന വ്യാഴാഴ്ചതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരാതിനല്‍കിയിരുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ സിറ്റി, റൂറല്‍ പോലീസ് മേധാവികള്‍ക്കും പരാതിനല്‍കി. ശനിയാഴ്ച ഡി.ജി.പി.ക്കും സൈബര്‍ പോലീസിനും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരാതിനല്‍കി.

To advertise here,

സംഭവംനടന്ന് അഞ്ചുദിവസമായിട്ടും ചോദ്യക്കടലാസ് ഉള്‍പ്പെടുത്തി വീഡിയോ തയ്യാറാക്കിയ സ്ഥാപനത്തിനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥാപനാധികൃതരെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുപോലുമില്ല. അന്വേഷണം വൈകുന്നതിനുപിന്നില്‍ ഭരണാനുകൂല അധ്യാപകസംഘടനയുടെയും ഉദ്യോഗസ്ഥരുടെയും താത്പര്യമാണെന്നാണ് ആരോപണം. ആരോപണവിധേയമായ പരീക്ഷകള്‍ റദ്ദാക്കണമെന്നും വിഷയത്തില്‍ വിജിലന്‍സ് അന്വേഷണംനടത്തണമെന്നും കെ.എസ്.യു. കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

വിവാദത്തിലുള്‍പ്പെട്ട എം.എസ്. സൊല്യൂഷന്‍സ് യുട്യൂബ് ചാനലില്‍ ക്ലാസിനിടെ അധ്യാപകര്‍ ദ്വയാര്‍ഥപ്രയോഗം നടത്തുന്നതായി ആക്ഷേപമുണ്ട്. സി.ഇ.ഒ. ഷുഹൈബ് ക്ലാസിനിടെ മുണ്ടുയര്‍ത്തി കൈയില്‍പ്പിടിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. അറബിക് ക്ലാസിനിടെ ഇദ്ദേഹം ദ്വയാര്‍ഥപ്രയോഗവും നടത്തുന്നുണ്ട്. ചാനലിന്റെ ഇന്‍സ്റ്റഗ്രാം ഫാന്‍പേജില്‍ ഇത്തരം ഭാഗങ്ങള്‍ പ്രത്യേകം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. വിവാദമായതോടെ പല വീഡിയോകളും നീക്കംചെയ്തനിലയിലാണ്. യുട്യൂബ് ചാനലിലെ അശ്ലീലച്ചുവയുള്ള പരമര്‍ശങ്ങള്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കൊടുവള്ളി മണ്ഡലംകമ്മിറ്റി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.

യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കിക്കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എ.ഇ.ഒ. അന്വേഷണംനടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തു.

ചാനലിന്റെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തുന്നു -സി.ഇ.ഒ.

കോഴിക്കോട്: യുട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തുന്നതായി പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന ചാനലിന്റെ ഉടമ. ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട വീഡിയോയിലാണ് എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബ് പ്രതികരിച്ചത്. അന്വേഷണത്തോട് നിയമപരമായി സഹകരിക്കുന്നുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് ഡയറക്ടര്‍മാരുടെ നിര്‍ദേശം-ഷുഹൈബ് പറഞ്ഞു.