കൊച്ചി: ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനൽകുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ ബാങ്ക് വായ്പകൾ ഈ വകുപ്പുപ്രകാരം എഴുതിത്തള്ളുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ ഏപ്രിൽ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വകുപ്പ് 13 ഒഴിവാക്കി നിയമത്തിൽ‍ ഭേദഗതിവരുത്തി മാർച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പക്ഷേ, ഭേദഗതി വരുത്തിയകാര്യം ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദുരന്തനിവാരണ വിഭാഗത്തെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത് മേയ് 15-നാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

To advertise here,

ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടർ സെക്രട്ടറി ചന്ദൻ സിങ്ങാണ് സത്യവാങ്മൂലം നൽകിയത്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ വായ്പ ഇത്തരത്തിൽ എഴുതിത്തള്ളാനാകില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമർശിച്ചിരുന്നു.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ ആർബിഐക്ക്‌ അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എൻഡിഎംഎ) ദുരന്തനിവാരണ നിയമത്തിന്റെ 13–ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.

2024 ജൂലായ് 30-നായിരുന്നു രാജ്യത്തെ നടുക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായത്.