തലശ്ശേരി: സൈക്കിൾ വേണമെന്ന ആവശ്യവുമായി ദൈവത്തിന് കത്തെഴുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ. കത്തിലെ ഒരേയൊരു വരിക്കു കീഴേ ‘ദൈവം’ അറിയാൻ വേണ്ടി മാത്രം അവൻ കുറിച്ചു- ജോഷ്വ ആന്റണി. ‘ദൈവത്തിന്’ കാണാനായി അതിനൊപ്പം അവൻ വരച്ചു- ഒരു കുഞ്ഞുമുഖം. ദൈവം, ദൈവം ഹൗസ്, സ്വർഗം (പി.ഒ.), പിൻ: 000000.
കത്തിന്റെ മറുപുറത്ത് ആ കുഞ്ഞു ചിത്രകാരൻ വരച്ച ചിത്രവും കൗതുകമുണർത്തുന്നു- ആകാശത്തിലേക്കുയരുന്ന ബലൂണിൽ കുരുക്കിയിട്ട കത്ത്. കത്തുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ദൈവത്തിന് കത്തെഴുതിയ ജോഷ്വ ആന്റണിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.
സെപ്റ്റംബർ 21-ന് തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്സിൽനിന്ന് തലശ്ശേരി കോർട്ട് പോസ്റ്റ് ഓഫീസിലെ ഡാക്ക് സേവക് എ.സി. ബിന്ദുവിനാണ് കത്ത് കിട്ടിയത്. സീൽ വെച്ച് റെയിൽവേ മെയിൽ സർവീസിലേക്ക് (ആർ.എം.എസ്.) വിട്ടു. ആർ.എം.എസിൽ നിന്ന് കോർട്ട് പോസ്റ്റ് ഓഫീസിലെ സബ് പോസ്റ്റ്മാസ്റ്റർ എം. രജിതയെ വിളിച്ച് അന്വേഷിച്ചു. അവരാണ് പോസ്റ്റ്മാൻ പി. ദേവരാജിനോട് കത്തെഴുതിയയാളെ കണ്ടെത്താൻ നിർദേശിച്ചത്.
Content Highlights: child Writes Letter to God for a Bicycle
Published: 09 Oct 2024, 08:08 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented