തിരുവനന്തപുരം: മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകള്‍ യഥാസമയം തയ്യാറാക്കിനല്‍കാത്ത വകുപ്പുകള്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയി. തുടര്‍ച്ചയായ ആഴ്ചകളില്‍ വകുപ്പുകളില്‍നിന്ന് കുറിപ്പുകള്‍ എത്താന്‍ വൈകുന്ന സാഹചര്യത്തിലാണ് ഫയല്‍ സമര്‍പ്പിക്കാന്‍ സമയക്രമം നിശ്ചയിച്ച് അദ്ദേഹം രംഗത്തെത്തിയത്. തുടര്‍ച്ചയായി രണ്ടുദിവസം അവധിയായിരുന്ന കഴിഞ്ഞയാഴ്ച മന്ത്രിസഭാ കുറിപ്പുകള്‍ തയ്യാറാക്കാന്‍ വൈകിയതു കാരണം ബുധനാഴ്ച ചേരേണ്ട പതിവ് മന്ത്രിസഭായോഗം വെള്ളിയാഴ്ചയാണ് ചേര്‍ന്നത്. മന്ത്രിസഭായോഗത്തില്‍ പരിഗണിക്കേണ്ട വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിച്ചാല്‍ കരട് കുറിപ്പുകള്‍ മൂന്നുദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സെക്രട്ടേറിയറ്റ് മാന്വലിലെ നിര്‍ദേശം. കരട് കുറിപ്പുകള്‍ അംഗീകരിച്ചു നല്‍കിയാല്‍ അന്നുതന്നെ അസല്‍ കുറിപ്പുകള്‍ തയ്യാറാക്കി പൊതുഭരണവകുപ്പില്‍ സമര്‍പ്പിക്കണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു.

To advertise here,

ഇതൊന്നും വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പാലിക്കാതെ വന്നു. ഇതോടെയാണ്, നിര്‍ദേശങ്ങള്‍ വീഴ്ചവരുത്താതെ പാലിക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍മുതല്‍ അണ്ടര്‍സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയത്.

വകുപ്പുകളുടെ അഭിപ്രായം രേഖപ്പെടുത്തണം

മന്ത്രിസഭയില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ധനവകുപ്പിന്റേതടക്കം അഭിപ്രായമാവശ്യമെങ്കില്‍ അത് വാങ്ങി മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ അതേപടി പൂര്‍ണമായി രേഖപ്പെടുത്തണം. കാര്യനിര്‍വഹണച്ചട്ടം, സെക്രട്ടേറിയറ്റ് ഇന്‍സ്ട്രക്ഷന്‍സ്, കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാന്വല്‍ എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പാക്കണം.

പരമാവധി രണ്ടുദിവസത്തിനകം മറ്റു വകുപ്പുകളുടെ അഭിപ്രായം രേഖപ്പെടുത്തി ഫയല്‍ തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണം.

ചില അടിയന്തരവിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചശേഷം മന്ത്രിസഭാ യോഗത്തിന്റെ സാധൂകരണം ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചശേഷം മൂന്നുദിവസത്തിനുള്ളില്‍ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകള്‍ സമര്‍പ്പിക്കണം.

മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനുള്ള കുറിപ്പുകളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അസല്‍ കുറിപ്പ് ബന്ധപ്പെട്ട ഫയല്‍സഹിതം മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുള്ള തീയതിയുടെ തലേന്ന് ഉച്ചയ്ക്ക് 12-നു മുമ്പ് പൊതുഭരണ (എസ്.സി.) വകുപ്പില്‍ സമര്‍പ്പിക്കണം.