ന്യൂഡല്‍ഹി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് മന്ത്രിമാരെ മാറ്റി, പുതിയ രണ്ടുപേരെ കൊണ്ടുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കാരവന്‍ വാങ്ങുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മുഖ്യമന്ത്രി ഇപ്പോഴും കാരവനിലാണ് ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നവകേരള സദസ്സില്‍ ആയിരമടി അകലെനിന്നാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ട് പാവങ്ങളെ പറഞ്ഞുവിട്ടു, രണ്ട് പേര് വരുന്നു എന്നുള്ളതല്ലാതെ ഇതിനൊരു രാഷ്ട്രീയ പ്രാധാന്യവുമില്ല. ഇതുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാകില്ല. സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല', രമേശ് ചെന്നിത്തല പറഞ്ഞു.
ഗണേഷ് കുമാര്‍ പ്രതിപക്ഷത്തിനെതിരെ പറയുന്നതിനെ മന്ത്രിസ്ഥാനം കിട്ടിയതിന്റെ ആഹ്‌ളാദമായി കണക്കാക്കിയാല്‍ മതി. കാരണം, മന്ത്രിസ്ഥാനം കിട്ടുന്നതിന് മുമ്പ് ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളാണ് അദ്ദേഹം. വിവിധ വകുപ്പുകളെയും മന്ത്രിമാരേയും പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ കഠിനമായി വിമര്‍ശിച്ചയാളാണ് ഗണേഷ് കുമാര്‍. മന്ത്രിസ്ഥാനം കിട്ടിയാല്‍ അത് മാറുന്നതിന്റെ കാര്യം എല്ലാവര്‍ക്കും മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയാ ഗാന്ധിക്കും ക്ഷണം കിട്ടിയിട്ടുണ്ട്. അക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. അതിന് സമയമുണ്ട്. പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്ന് രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എ.ഐ.സി.സി. നിര്‍ദ്ദേശിച്ചതിനാല്‍ കൂടുതലൊന്നും പറയുന്നില്ല, രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ഇപ്പോഴും ജനങ്ങളെ കാണാതെ കാരവനിലാണ് ജീവിക്കുന്നത്. നവകേരള സദസ്സില്‍ ജനങ്ങളുമായി ഒരു സമ്പര്‍ക്കവും നടത്തിയിട്ടില്ല. ആയിരമടി അകലെ വെച്ചാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അതെല്ലാവരും കണ്ടതാണ്. കെ.പി.സി.സി. പ്രസിഡന്റ് പത്ത് ദിവസത്തേക്കാണ് ആരോഗ്യ പരിശോധനയ്ക്കായി പോയത്. മുഖ്യമന്ത്രി ഒന്നരമാസം അമേരിക്കയില്‍ പോയപ്പോള്‍ ആരും ചോദിച്ചിട്ടില്ല. പത്ത് ദിവസം വലിയ കാലയളവല്ല. കെ.പി.സി.സി. പ്രസിഡന്റ് പോയതില്‍ തെറ്റൊന്നുമില്ല. പരിശോധന കഴിഞ്ഞ് അദ്ദേഹം ഉടനെ തന്നെ തിരിച്ചുവരും, ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷനേതാവ് നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടാണ്. അഭിപ്രായവ്യത്യാസമില്ലാതെ സര്‍ക്കാരിനെ നേരിടാന്‍ പര്യാപ്തമായ നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.എ. കാലത്തും ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കും. പക്ഷേ, കേരളത്തില്‍ ചരിത്രപരമായി തന്നെ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ആശയപരമായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. അതങ്ങനെ തന്നെ തുടരും, ചെന്നിത്തല വ്യക്തമാക്കി.
ഇന്ത്യാമുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നുവരികയാണ്. മുകുള്‍ വാസ്‌നിക് ചെയര്‍മാനായി ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിക്കും. അതിന് ശേഷം കമ്മിറ്റി പാര്‍ട്ടി പ്രസിഡന്റിനെയും നേതൃത്വത്തെയും കാര്യങ്ങള്‍ ധരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച പെട്ടെന്ന് ആരംഭിക്കും. ശരദ് പവാര്‍ ഇന്ത്യാ മുന്നണിക്ക് ഒപ്പമാണ്. ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ പ്രധാനപ്പെട്ട നേതാവാണ് അദ്ദേഹം. അക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. ജനങ്ങള്‍ അദ്ദേഹത്തിനൊപ്പമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Content Highlights: Chief minister Pinarayi Vijayan is already living in caravan says congress leader Ramesh Chennithala
Published: 29 Dec 2023, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented