
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത സ്‌പൈ ത്രില്ലർ ചിത്രം ദുരന്ധർ കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയത്. തീയേറ്ററുകളിലെ ചരിത്ര വിജയത്തിന് ശേഷം ഒടിടിയിലെത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള വിശകലനങ്ങളും വേഗത്തിലായി. സംഭാഷണങ്ങൾ മുതൽ അവസാന ക്രെഡിറ്റുകൾ വരെ പ്രേക്ഷകർ എല്ലാം വിശകലനം ചെയ്തു. റെഡ്ഡിറ്റിലെ അത്തരം ഒരു വിശകലനം, ചിത്രീകരണ സമയത്ത് രൺവീർ സിങ് മൂന്ന് വാനിറ്റി വാനുകൾ ഉപയോഗിച്ചുവെന്ന അവകാശവാദത്തിലേക്ക് വരെ നയിച്ചു.
ഈ അവകാശവാദം വീണ്ടും നടന്മാരുടെ പരിവാരങ്ങളുടെ ചെലവുകളെയും ചിലവഴിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്തി. എന്നാൽ ചിത്രത്തിന്റെ നിർമാണവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഈ അവകാശവാദം പരിശോധിക്കുകയും അതിൽ ആശയക്കുഴപ്പങ്ങൾ സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.
ദുരന്ധറിൽ രൺവീർ സിങ് മൂന്ന് വാനിറ്റി വാനുകൾ ഉപയോഗിച്ചോ?
ചിത്രത്തിൻ്റെ അവസാന ക്രെഡിറ്റുകളുടെ ഒരു സ്ക്രീൻഷോട്ട് ഒരു റെഡ്ഡിറ്റർ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ അവകാശവാദം ആരംഭിച്ചത്. അതിൽ ഹംസ (രൺവീറിൻ്റെ കഥാപാത്രം) - ഹംസ വാൻ, ഹംസ സ്റ്റാഫ് വാൻ, ഹംസ നോർമൽ വാൻ എന്നിങ്ങനെ മൂന്ന് വാനുകൾ ഉൾപ്പെടുത്തിയിരുന്നു. ഇത് നടന്മാർക്ക് വേണ്ടിയുള്ള അമിതമായ ചിലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, 'വാൻ' എന്നത് വാനിറ്റി വാനുകളെക്കുറിച്ചല്ല, സാധാരണ കാറുകളെക്കുറിച്ചാണ് പരാമർശിക്കുന്നതെന്ന് ദുരന്ധറിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.
ഈ വാനുകൾ തായ്‌ലൻഡ് ചിത്രീകരണ സമയത്ത് ഉപയോഗിച്ചവയാണ്. അവിടെ ഇത്തരം വാഹനങ്ങൾ സംഘാംഗങ്ങളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. ‘ദുരന്ധറിൻ്റെ ബാങ്കോക്ക് ചിത്രീകരണത്തിൻ്റെ അവസാന ക്രെഡിറ്റുകളിൽ പരാമർശിച്ചിട്ടുള്ള തായ് വാനുകളാണ് ഇവ. ഇവിടുത്തെ ചിത്രീകരണം വളരെ ദൈർഘ്യമേറിയതായിരുന്നു. നടൻ്റെയും സ്റ്റാഫിൻ്റെയും ലഗേജുകൾ തുടങ്ങിയവയുടെ യാത്രാസൗകര്യങ്ങൾക്കായി ഒരു വാനിറ്റിയും രണ്ട് കാറുകളും (തായ് വാനുകൾ) സജ്ജമാക്കി’- ഉദ്യോഗസ്ഥൻ പറയുന്നു.
ദുരന്ധറും അതിൻ്റെ രണ്ടാം ഭാഗമായ ദുരന്ധർ: ദ റിവഞ്ചും ഒരുമിച്ചാണ് ചിത്രീകരിച്ചത്. ആദ്യം ഒരു സിനിമയായിട്ടായിരുന്നു ഉദ്ദേശിച്ചതെങ്കിലും ദൈർഘ്യം കാരണം പിന്നീട് രണ്ട് ഭാഗങ്ങളാക്കുകയായിരുന്നു. കഠിനമായ ഷെഡ്യൂൾ കാരണം രൺവീറിന് സെറ്റിൽ സ്റ്റാഫിൻ്റെ പിന്തുണ ആവശ്യമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
‘ഇപ്പോഴും ടീസറിൽ, കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി രൺവീർ ചെയ്ത നാടകീയമായ പരിവർത്തനം കാണാം. അദ്ദേഹം ചിലപ്പോൾ 15 കിലോ കുറയ്ക്കുകയും മാസങ്ങൾ കൊണ്ടോ ദിവസങ്ങൾ കൊണ്ടോ 25 കിലോ വർധിപ്പിക്കുകയും ഒരു ദിവസം 12-14 മണിക്കൂർ ചിത്രീകരണത്തിന് തയ്യാറാവുകയും ചെയ്യും. സാധാരണയായി, ഇത്തരം ശരീര പരിവർത്തനങ്ങൾക്ക്, ജിമ്മോ സ്വന്തം ഷെഫോ അല്ലെങ്കിൽ രണ്ടും സെറ്റിൽ ആവശ്യമായി വരും. അല്ലാതെ രൺവീറിന് അധികമായി ഒന്നും നൽകിയിട്ടില്ലെന്നും ചിത്രീകരണത്തിനും അദ്ദേഹത്തിൻ്റെ ജോലിക്കും ആവശ്യമായത് മാത്രമാണ് നൽകിയതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇന്ത്യയിൽനിന്നു മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ധുരന്ധർ. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന്, അതായത് റിലീസ് ചെയ്ത് 53-ാം ദിവസമാണ് ചിത്രം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അന്നേ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 1.25 കോടി രൂപ അധികം സമാഹരിച്ചു. ഇതിനുമുമ്പ് ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന സിനിമ സ്വന്തമാക്കിയ 760 കോടി രൂപയുടെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്. അന്താരാഷ്ട്ര വിപണിയിലും മികച്ച പ്രകടനമാണ് ഈ സ്പൈ ത്രില്ലർ കാഴ്ചവെച്ചത്.
മിഡിൽ ഈസ്റ്റിലെ നിരോധനം വകവെക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് 33 മില്യൺ ഡോളർ ചിത്രം സ്വന്തമാക്കി. ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ ഏകദേശം 1300 കോടി രൂപയാണ്. രൺവീർ സിങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രണ്ടാം ഭാഗമായ ദുരന്ധർ: ദ റിവഞ്ച് മാർച്ച് 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Did Ranveer Singh use 3 vanity vans for `Durandhar`? Uncover the truth behind the viral claim and the film`s massive success.
Published: 04 Feb 2026, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented