
കോഴിക്കോട്: വോട്ടുചെയ്യാനെത്തുന്നവരെ തടയലും ഭിഷണിപ്പെടുത്തി തിരിച്ചയക്കലുമെല്ലാം കോഴിക്കോട്ടുകാർക്ക് കേട്ടുകേൾവി മാത്രമായിരുന്നു. എന്നാൽ, ശനിയാഴ്ച ചേവായൂർ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അത് നേരിട്ടുകണ്ടു. മണിക്കൂറുകൾ കാത്തുനിന്നിട്ടും ഒട്ടേറെപ്പേർക്ക് വോട്ടുചെയ്യാനാവാതെ മടങ്ങേണ്ടി വന്നു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പോലീസ് സംരക്ഷണത്തിലാണ് പറയഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വോട്ടെടുപ്പ് തുടങ്ങിയത്. പോളിങ് ഏജന്റുമാരെ സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ചായിരുന്നു വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തർക്കം തുടങ്ങിയത്. ഇതേച്ചൊല്ലി സി.പി.എം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. പിന്നീടാണ് കള്ളവോട്ട് ആരോപണത്തെച്ചൊല്ലി പ്രശ്നമുണ്ടായത്.
വിമതർക്കുവേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ ബൂത്തിനുള്ളിൽവെച്ചുതന്നെ തങ്ങൾ പിടികൂടിയതോടെ വിമത പാനൽ നയിക്കുന്ന ബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിൽ മർദിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ഡി.സി.സി. സെക്രട്ടറി എടക്കുനി അബ്ദുറഹ്മാനെ ജി.സി. പ്രശാന്ത് ചവിട്ടിവീഴ്ത്തിയെന്നാരോപിച്ച് കൂടുതൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. എം.കെ. രാഘവൻ എം.പി.യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുമെത്തി. ബൂത്തിലെ സംഘർഷം പിന്നെ റോഡിലേക്ക് മാറിയതോടെ പരിധിവിട്ട് കൂട്ടത്തല്ലായി മാറി. പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗത്തെയും നിയന്ത്രിക്കാനായില്ല. ഇതോടെ ലാത്തിവീശി ഓടിച്ചു. ഏകപക്ഷീയമായി പോലീസ് പ്രവർത്തിച്ചെന്നാരോപിച്ച് മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരസ്പരം പോർവിളിച്ച് ഇരുപാർട്ടി പ്രവർത്തകരും ഇരുഭാഗത്തുമായി നിലയുറപ്പിച്ചു.
നിയന്ത്രണംവിട്ട് പരസ്പരം കൂട്ടത്തല്ലുണ്ടായെങ്കിലും അത് നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. സി.പി.എം. പ്രവർത്തകരെ ബൂത്തിൽനിന്ന് മാറ്റിയില്ലെങ്കിൽ ഞങ്ങളും അകത്തുകയറിയിരിക്കും പുറത്തിറങ്ങില്ല ഞങ്ങളെ വെടിവെക്കേണ്ടിവരുമെന്ന് എം.കെ. രാഘവൻ എം.പി.യും ടി. സിദ്ദിഖും പറഞ്ഞതോടെ പോലീസ് ഇരുവിഭാഗം പ്രവർത്തകരെയും നീക്കംചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അത് കൂടുതൽ സംഘർഷാവസ്ഥയുണ്ടായി. രണ്ടുതവണയാണ് പോലീസ് ലാത്തിവീശിയത്. ലാത്തിച്ചാർജിനിടെ സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി ഷൈബുവിന് തലയ്ക്ക് പരിക്കേറ്റ് രക്തമൊഴുകി. റോഡിന്റെ മതിലിനപ്പുറത്തുനിന്ന് കല്ലേറുമുണ്ടായി. ലാത്തിച്ചാർജ് നടത്തിയതോടെ പോലീസും സി.പി.എം. പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും കൺസ്യൂമർഫെഡ് ചെയർമാനുമായ എം. മെഹബൂബിനെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ തടഞ്ഞെന്നാരോപിച്ച് പ്രവർത്തകർ ബഹളം തുടങ്ങി. സി.പി.എം. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഇൻസ്പെക്ടറെ സ്ഥലത്തുനിന്ന് മാറ്റി.
വോട്ടർമാർക്കും അടിയേറ്റു
രാവിലെ തുടങ്ങിയ സംഘർഷം 12 മണിയോടെ കൂടുതൽ രൂക്ഷമായി. സി.പി.എം പ്രവർത്തകർ സ്കൂൾകവാടത്തിൽ സംഘടിച്ചുനിന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചന്നൊരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടങ്ങി. വോട്ടർമാരുടെ തിരിച്ചറിയൽകാർഡുകൾ പിടിച്ചുവാങ്ങി നശിപ്പിച്ചതായും കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധത്തെതുടർന്ന് സ്കൂൾഗേറ്റിൽനിന്ന് മാറാൻ സി.പി.എം. പ്രവർത്തകരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ മാറിയില്ല. ഇതിനിടെ വോട്ടർമാരെ കടത്തിവിടാൻ തൊട്ടപ്പുറത്ത് കടവരാന്തയിൽ നിൽക്കുകയായിരുന്ന മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പയ്യാനക്കലിന് മർദനമേറ്റു. വോട്ടർമാരെ കൂട്ടത്തോടെ തടയുന്നതിനിടയിൽത്തന്നെ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനാനെത്തിയ ഒരുകുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് മടക്കിയത്. വോട്ടുചെയ്തുവരുമ്പോൾ കുട്ടിയുണ്ടാവില്ലെന്നായിരുന്നു കവാടത്തിൽ നിന്നവരുടെ ഭീഷണിയെന്ന് വോട്ടർപറഞ്ഞു. ഇതോടെ മടങ്ങിപ്പോയെങ്കിലും പിന്നീട് പോലീസിന്റെയും കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ വോട്ടുചെയ്തു.
എം. മെഹബൂബ്, കെ.എം. സച്ചിൻദേവ് എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കുകയും കോൺഗ്രസ് പ്രവർത്തകരെ പോലീസ് മാറ്റുകയും ചെയ്്തോടെ ഉച്ചയ്ക്ക് ഒരുമണിയോടെ സംഘർഷത്തിന് നേരിയ അയവുവന്നു. പോലീസിന്റെ സഹായത്തോടെ ആളുകൾ വോട്ടുചെയ്യാൻപോവാൻതുടങ്ങി. പക്ഷേ, വോട്ടർമാരെ തടഞ്ഞെന്ന് പറഞ്ഞ് വീണ്ടും സംഘർഷമുണ്ടായി. എം.കെ. രാഘവൻ എം.പിയും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറും കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തും സ്കൂൾകവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ് നേതാക്കളുമായി ചർച്ചനടത്തിയെങ്കിലും പിരിഞ്ഞുപോയില്ല. കുറച്ചുകഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ എഴുന്നേറ്റുപോവുന്നതിനിടെ എം.കെ. രാഘവൻ എം.പി.ക്കുനേരേ കൈയേറ്റശ്രമമുണ്ടായി. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.കെ. പൊറ്റെക്കാട്ട് ജങ്ഷനു സമീപത്തും സംഘർഷം തുടങ്ങി. രണ്ടുമണിയായതോടെ സ്കൂൾകവാടം പൂർണമായും സി.പി.എം. പ്രവർത്തകരുടെ നിയന്ത്രണത്തിലായി. വോട്ടർമാരെ കടത്തിവിടാൻ ആദ്യം കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചെങ്കിലും ഉന്തുംതള്ളുമായതോടെ കോൺഗ്രസ് പ്രവർത്തകർ പിൻമാറി. പോലീസും ഇടപെടാതായി.
കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നേതാക്കളെ മറികടന്ന് മറുഭാഗത്തുകൂടെ കടന്നുപോവാം ഇതുവഴി കഴിയില്ലെന്ന് പറഞ്ഞാണ് വോട്ടർമാരെ തടഞ്ഞത്. എന്നാൽ, സി.പി.എം. പ്രവർത്തകർമാത്രം സംഘടിച്ചുനിൽക്കുന്ന മറുഭാഗത്തുകൂടി പോവുമ്പോൾ തിരിച്ചറിയൽ കാർഡ് പിടിച്ചുവാങ്ങുകയും അടിച്ചോടിക്കുകയുമാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. എതിർപ്പ് മറികടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചവരെയൊക്കെ പിടിച്ചുതള്ളി. രണ്ടുമൂന്ന് യുവാക്കൾക്ക് മർദനമേറ്റു. ‘‘സംഘർഷമുണ്ടാവും ഉള്ളിൽ പ്രശ്നമാണ്. കാലും കൈയും പൊട്ടും വെറുതെ വോട്ടുചെയ്യാൻ പോവാൻ ശ്രമിക്കണ്ട’’ എന്നുപറഞ്ഞാണ് പ്രായമായവരെയും സ്ത്രീവോട്ടർമാരെയും പിന്തിരിപ്പിച്ചത്. ചില വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ തിരികെക്കൊടുത്തുമില്ല. ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണിവരെ ഇതേ അവസ്ഥ. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ ബാക്കിനിൽക്കെ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ വീണ്ടുമെത്തിയതോടെ സി.പി.എം പ്രവർത്തകർ അതിനെ നേരിട്ടു. പിന്നെ കൂട്ടത്തല്ലായിരുന്നു. പോലീസ് എത്തുന്നതിനു മുൻപുതന്നെ വലിയരീതിയിൽ അടിപിടിയുണ്ടായിരുന്നു. രാവിലെ എട്ടിന് തുടങ്ങിയ സംഘർഷത്തിന് നാലുമണിയോടെയാണ് അയവുണ്ടായത്.
സ്ലിപ്പ് വാങ്ങി കീറിയെറിഞ്ഞു, വയോധികരേയും വെറുതേ വിട്ടില്ല
കോഴിക്കോട്: പാലാഴി സ്വദേശി, അറുപതുകാരിയായ സുമതിയും ഭർത്താവ് ബാബുവും രണ്ടുമണിക്ക് വോട്ടുചെയ്യാനായി എത്തിയതാണ്. ഉള്ളിലേക്കുകടക്കാൻ ശ്രമിച്ചപ്പോൾ സ്ളിപ്പുവാങ്ങി സി.പി.എം. പ്രവർത്തകർ കീറിക്കളഞ്ഞെന്ന് ഇരുവരും പറഞ്ഞു. പ്രായമായവരാണ് ഞങ്ങളെന്ന കാരുണ്യംപോലും അവർ കാണിച്ചില്ല.
തിരിച്ചറിയൽ കാർഡ് ചോദിച്ചിട്ട് കൊടുക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് അത് കൈവശപ്പെടുത്താതിരുന്നതെന്ന് സുമതി പറഞ്ഞു. പോലീസിനോടുപറഞ്ഞിട്ടും അവർ സഹായിച്ചില്ല. അതുകൊണ്ട് വോട്ടുചെയ്യാതെ മടങ്ങുകയാണെന്ന് ഇരുവരും പറഞ്ഞു. പാലക്കാട് ഒരു കോളേജിൽ ജോലിചെയ്യുന്ന മെഡിക്കൽ കോളേജ് സ്വദേശിയായ കുഞ്ഞിമുഹമ്മദ് അവധിയെടുത്താണ് വോട്ടുചെയ്യാനായി എത്തിയത്. അധാർ കാർഡും തിരിച്ചറിയൽ കാർഡുമെല്ലാം കൈവശമുണ്ടായിരുന്നു. പക്ഷേ, ‘‘വോട്ടുചെയ്യേണ്ട തിരിച്ചുപോയിക്കോ’’ എന്നായിരുന്നു ഭീഷണിയെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
കുഞ്ഞിമുഹമ്മദിന് പിന്നാലെവന്ന ദമ്പതിമാരെയും തടഞ്ഞു. മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതിനുസമ്മതിക്കാതെ ദമ്പതിമാരെ പിടിച്ചുതള്ളി. പലതവണ ഉള്ളിൽക്കടക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. ഊന്നുവടിയുമായിവന്ന വയോധികനടക്കമുള്ള മൂന്നംഗ കുടുംബത്തെയും വോട്ടുചെയ്യാനാവില്ലെന്നുപറഞ്ഞ് തിരിച്ചയച്ചു. ഉള്ളിൽ സംഘർഷമാണെന്നുപറഞ്ഞാണ് മടക്കിയയച്ചത്. അമ്മയോടൊപ്പം വോട്ടുചെയ്യാനെത്തിയ ഒരു യുവാവിനും മർദനമേറ്റു. ഇദ്ദേഹത്തെയും അമ്മയെയും ആളുകൾ രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.
കുതിരവട്ടം ഭാഗത്തുനിന്ന് അച്ഛനോടൊപ്പമെത്തിയ ഒരു യുവാവിനെയും വഴിയിൽവെച്ച് തടഞ്ഞ് അടിച്ചോടിച്ചു. ഒരു വയോധികയുടെ കൈയിൽനിന്ന് ബാങ്കിന്റെ തിരിച്ചറിയൽ കാർഡ് പിടിച്ചുവാങ്ങി. തിരികെച്ചോദിച്ചപ്പോൾ അത് ബാങ്കുകാർ വീട്ടിൽക്കൊണ്ടുവരുമെന്നായിരുന്നു മറുപടി. വയോധികരും സ്ത്രീകളുമാണ് ഇങ്ങിനെ ഭീഷണിയിൽ മടങ്ങിപ്പോയവരിൽ അധികവും.
നോക്കിനിൽക്കാൻ പോലീസ്
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന പറയഞ്ചേരി ഗവ. ഹയർസക്കൻഡറി സ്കൂളിനു മുന്നിൽനടന്ന സംഘർഷത്തിൽ പലപ്പോഴും പോലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കുന്നതാണ് കണ്ടത്.
രണ്ടുതവണ ലാത്തിച്ചാർജ് നടത്തിയെങ്കിലും വോട്ടിങ് മുടങ്ങുന്ന രീതിയിലേക്ക് സംഘർഷം നീങ്ങിയപ്പോൾ അതിനൊത്ത് പോലീസ് ഉയർന്നില്ല. അതുകൊണ്ട് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം പരിധിവിട്ടു. ഉച്ചയ്ക്കുശേഷം വിമതപാനലിനെ പിന്തുണയ്ക്കുന്നവരല്ലാത്ത ഒരു വോട്ടറെയും കടത്തിവിടാത്ത അവസ്ഥയായിരുന്നു. വയോധികരും സ്ത്രീകളുമടക്കമുള്ളവരെ തടയുമ്പോൾ പോലീസ് അതിൽ ഒരിടപെടലും നടത്താതെ തൊട്ടപ്പുറത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ഞങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കിത്തരണമെന്ന് പലരും പോലീസിനോടുചെന്ന് പരാതി പറഞ്ഞു. പക്ഷേ, അവർ ചെവികൊടുത്തതേയില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനോട് വോട്ടർമാർ കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കല്ല ഇവിടെ ചുമതല, മെഡിക്കൽ കോളേജ് അസി. കമ്മിഷണർക്കാണ്, അദ്ദേഹത്തോട് പറയൂ എന്ന് പറഞ്ഞ് അദ്ദേഹം കൈയൊഴിഞ്ഞു.
പോലീസ് നോക്കിനിന്നതുകൊണ്ട് നൂറുകണക്കിന് പേർക്കാണ് വോട്ടുചെയ്യാൻ കഴിയാതെ വന്നത്. ആളുകൾക്ക് മർദനമേൽക്കുമ്പോഴും അവസാനഘട്ടത്തിലാണ് പോലീസ് എത്തിയത്. എം.കെ. രാഘവൻ എം.പി.ക്കെതിരേ കൈയേറ്റം നടന്നപ്പോഴും പോലീസ് ആദ്യം അത് തടയാൻ ശ്രമിച്ചില്ല. കടവരാന്തയിൽ കാത്തുനിന്ന മഹിളാ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റപ്പോൾ ഇവിടെ നിൽക്കേണ്ട, മാറിപ്പൊയ്‌ക്കോളൂ എന്ന് പറയുകയല്ലാതെ അത് തടയാൻ പോലീസ് ശ്രമിച്ചില്ല. കള്ളവോട്ട് പരാതി ഉയർന്ന ഘട്ടത്തിൽത്തന്നെ പോലീസ് ഒന്നും ചെയ്തില്ല.
പോലീസിന്റെ ഈ സമീപനമാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനും പിന്നീട് പ്രശ്നങ്ങൾ വഷളാവാനും കാരണം. അതുകൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം മുഴുവൻ പോലീസിനെതിരായിരുന്നു. രാവിലെ സംഘർഷം തുടങ്ങിയപ്പോഴുള്ള അതേ പോലീസ് സേനതന്നെയാണ് പ്രശ്നം തീരുവോളം ഉണ്ടായിരുന്നത്. ഉച്ചയോടെ സംഘർഷം കൂടുതൽ വഷളാവുമെന്ന് പോലീസിന് അറിയാമായിരുന്നു.
കൂടുതൽ പോലീസ് സേനയെ വിളിക്കണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ഉൾപ്പെടെയുള്ളവർ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും തയ്യാറായില്ല. വയോധികരെയും സ്ത്രീകളെയും തടയുമ്പോൾ തൊട്ടപ്പുറത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു പോലീസ്
കള്ളവോട്ടും
കോഴിക്കോട്: പലരും എത്തുന്നതിന് മുൻപേ അവരൂടെ വോട്ടുകൾ ചെയ്ത് കഴിഞ്ഞിരുന്നു. കോൺഗ്രസ് ചേവായൂർ ബ്ലോക്ക് സെക്രട്ടി, മഹിളാകോൺഗ്രസ് നേതാവ് ഇന്ദിര എന്നിവരുടേതുൾപ്പെടെ ഏഴുപേരുടെ വോട്ടുകൾ അവരെത്തുന്നതിന് മുൻപുതന്നെ ചെയ്തതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കള്ളവോട്ടുചെയ്യാൻ വന്ന ആളുകളെ പോലീസിന് പിടിച്ചുകൊടുത്തിട്ടും ഒന്നും ചെയ്യാതെ വെറുതേവിടുകയായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. അഴിയൂർ,നാദാപുരം,ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നടക്കം ആളുകൾ കള്ളവോട്ട് ചെയ്യാനെത്തിയെന്നാണ് ആരോപിക്കുന്നത്. എന്നാൽ കള്ളവോട്ട് ചെയ്യാനെത്തിയവരെ മാത്രമാണ് തടഞ്ഞതെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. കള്ളവോട്ടുചെയ്ത് പിടിയിലായതോടെ അത് സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനുള്ള സമരനാടകമാണ് എം.കെ. രാഘവന്റെ നേതൃത്വത്തിൽ നടന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ആരോപിച്ചു. കള്ളവോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകന്റേതാണെന്ന് പറയുന്ന തിരിച്ചറിയൽ രേഖകളും ഗിരീഷ്‌കുമാർ ഉയർത്തിക്കാട്ടി. കള്ളവോട്ടുചെയ്തതായി 35 പരാതികൾ റിട്ടേണിങ് ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്.
Content Highlights: Chevayur Bank election clash
Published: 17 Nov 2024, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented