കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കും. കോഴിക്കോട് ഡിസിസി നൽകിയ പരാതിയിലാണ് അന്വേഷണത്തിന് എസ്‌ഐടി ഒരുങ്ങുന്നത്. ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎമ്മിന് വേണ്ടി അട്ടിമറിക്കാൻ അന്നത്തെ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സഹായം നൽകി എന്ന പരാതിയിലും അന്വേഷണം വരും.

To advertise here,

അന്വേഷണസംഘത്തെ സംസ്ഥാന പോലീസ് മേധാവി ഉടൻ രൂപീകരിക്കും. നേരത്തെ, ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. കോൺഗ്രസ് വിമതരുടെ സഹായത്തോടെ 2024-ൽ ആണ് ചേവായൂർ ബാങ്കിന്റെ ഭരണം സിപിഎം പിടിച്ചെടുത്തത്. കോൺഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലായിരുന്നു മത്സരം.

ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതർ സി.പി.എം. പിന്തുണയോടെ മത്സരിച്ചത്. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാൻ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം നടന്നുവെന്നും പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് നേതാക്കൾ പരാതി ഉന്നയിച്ചു.

തെരഞ്ഞെടുപ്പിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നിട്ടും കോൺഗ്രസ് വോട്ടർമാർക്ക് നേരെയുള്ള സിപിഎം പ്രവർത്തകരുടെ അക്രമത്തിനും കള്ളവോട്ടുകൾക്കും പോലീസ് ഒത്താശ ചെയ്തുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ആരോപണവിധേയരായ സഹകരണവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.