
ചെറുകുന്ന്: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50-നായിരുന്നു സംഭവം. ചെറുകുന്ന് ചിടങ്ങീലിൽ ഒരു ക്ലബിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്ക് പോയതായിരുന്നു ഫെലിൻ ഫ്രെഡറിക്. മംഗളൂരുവിലേക്കുള്ള വന്ദേഭാരതാണ് തട്ടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂട്ടുകാർ പരിപാടി നടക്കുന്ന സ്ഥലത്തുചെന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അച്ഛന്റെ വീട് ചെറുകുന്ന് പഞ്ചായത്തിലെ തന്നെ കട്ടക്കുളത്താണ്. ചിടങ്ങീലിലെ അമ്മവീട്ടിൽ നിന്നാണ് പരിപാടിക്ക് പോയത്. ഈ വീട്ടിൽനിന്ന് 250 മീറ്റർ അകലെ വെച്ചായിരുന്നു അപകടം. ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയാണ്. അച്ഛൻ: കെ.എഫ്.അനീഷ്. അമ്മ: ടി.ഷീജ . സഹോദരൻ: ഫാബിയ.
വണ്ടി വരുന്ന ശബ്ദം കേൾക്കാൻ പറ്റിയില്ലെന്ന് കുട്ടികൾ
ശനിയാഴ്ച രാത്രി വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി തട്ടി കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക്കിന്റെ ദാരുണ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. അമ്മയുടെ വീടായ ചിടങ്ങീലിന് സമീപം ഒരു ക്ലബ്ബിന്റെ വാർഷികവും അതോടനുബന്ധിച്ചുള്ള കലാപരിപാടികളും കാണാൻ പോയതാണ് ഫെലിൻ. പരിപാടി നടക്കുന്നതിനിടെ കൂട്ടുകാരൊന്നിച്ച് ചായകുടിക്കാൻ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം എന്നാണ് കൂടെയുള്ളവർ പറയുന്നത്. അപകടം നടന്നയുടനെ ഒപ്പമുണ്ടായിരുന്നവർ പേടിച്ച് വിറച്ച് ആരോടും അപകട വിവരം ഒന്നും പറഞ്ഞില്ല.
ഫെലിൻ ഫ്രെഡറിക്കിനെ കാണാതായതോടെ അല്പം വൈകിയാണ് നാട്ടുകാരോട് സംഭവം പറയുന്നത്. അപ്പോഴേക്കും കണ്ണപുരം പോലീസും നാട്ടുകാരും സംഭവം നടന്ന സ്ഥലത്തെത്തി. മൃതദേഹം കണ്ടെടുത്തു. കണ്ണൂർ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്നതാണ് വന്ദേഭാരത് എക്സ്പ്രസ്. വണ്ടി വരുന്ന ശബ്ദം കേൾക്കാൻ പറ്റിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ശരീരം മുഴുവനും ചിന്നിച്ചിതറിയിരുന്നു. ശരീരാവശിഷ്ടങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് പെറുക്കിയെടുക്കുകയായിരുന്നു. തുടർന്ന് കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു തലയും മറ്റ് ശരീരഭാഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കട്ടക്കുളത്തെ വീട്ടിലെത്തിച്ചു. ഫെലിന്റെ മൃതദേഹം അവസാനമായൊന്ന് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം കട്ടക്കുളം സെയ്ന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
Content Highlights: 16-year-old student Felin Fredrick died in a train accident., The incident occurred near Chidangil, Cherukunnu while crossing tracks., The student was hit by the Mangaluru-bound Vande Bharat Express., The victim was a 10th-grade student at Cherukunnu Govt Welfare HSS., Local authorities are investigating the circumstances of the accident.
Published: 11 May 2026, 07:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented