
കൊച്ചി: ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. കടൽഭിത്തി ഇനി അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കിഫ്ബിയുടെ പദ്ധതിയായി തന്നെയാണ് കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നത്. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
അതേസമയം സർക്കാർ തീരുമാനം താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നും എന്നാൽ പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെയുള്ള തീരം സംരക്ഷിക്കുന്നതിന് ഒറ്റ ഘട്ടമായി പദ്ധതി നടപ്പിലാക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ അവഗണിക്കുകയാണ് ചെയ്തതെന്ന് ചെല്ലാനം- കൊച്ചി ജനകീയ വേദി ആരോപിച്ചു.
2023 ൽ 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയിരുന്നു. 347 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. 10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമ്മാണച്ചെലവിൽ വന്ന വ്യത്യാസവും ഐ.ഐ.ടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റർ ദൂരം കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ചെയ്തത്. അതേസമയം ആദ്യ പദ്ധതി പ്രകാരം ഇനി കടൽഭിത്തി നിർമ്മിക്കാൻ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂർത്തിയാക്കുന്നതിന് അതിവേഗം തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
അതേസമയം ചെല്ലാനം കൊച്ചി തീരത്ത് തീര സംരക്ഷണ പദ്ധതി മുറിച്ചു മുറിച്ചു നടപ്പിലാക്കുന്നത് തികച്ചും അശാസ്ത്രീയവും കടൽ കയറ്റം തടയാൻ അപ്രായോഗികവുമാണ്. ഭാഗികമായി പദ്ധതി നടപ്പിലാക്കുമ്പോൾ കടൽ കയറ്റം പരിഹരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംരക്ഷണ പദ്ധതി നടപ്പിലാക്കിയതിനു വടക്കോട്ടുള്ള പ്രദേശങ്ങളിലേക്ക് കടൽ കയറ്റം തിരിച്ചു വിടുകയാണ് മാത്രമാണ് ചെയ്യുന്നത്. പുത്തൻ തോട് വരെ ടെട്രാപ്പോഡ് കടൽ ഭിത്തി നിർമ്മിച്ചതിന് ശേഷമാണ് പുത്തൻ തോടിന് വടക്കുവശം മുതൽ ശക്തമായ കടൽ കയറ്റം അനുഭവപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ സർക്കാർ തീരുമാനിച്ചത് പ്രകാരം ചെറിയ കടവ് വരെ കടൽ ഭിത്തി നിർമ്മിച്ചാൽ അതിനു വടക്കോട്ടുള്ള സിഎംഎസ് മുതലുള്ള പ്രദേശങ്ങളിൽ അതിശക്തമായ കടൽ കയറ്റമായിരിക്കും അനുഭവപ്പെടുകയെന്നും കൊച്ചി- ചെല്ലാനം ജനകീയ വേദി ആരോപിക്കുന്നു.
കടൽ ഭിത്തി പലയിടങ്ങളിലും തകർന്നതോ ദുർബലമായതോ ആയ സ്ഥിതിയിലാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊച്ചി കോർപ്പറേഷൻ പരിധിയിലേയും അതിനു സമീപമുള്ള കൈതവേലി, കാട്ടിപ്പറമ്പ് , സിഎംഎസ് മുതലായ ചെല്ലാനം പഞ്ചായത്തിലെയും തീര പ്രദേശങ്ങൾ ജന സാന്ദ്രത വളരെ കൂടിയ പ്രദേശങ്ങളാണ്. കടൽ ഭിത്തിക്ക് സമീപം ധാരാളം കുടുംബങ്ങൾ ഈ പ്രദേശങ്ങളിൽ താമസമുണ്ട്. ഈ അവസ്ഥയിൽ ശക്തമായ ഒരു കടൽ കയറ്റം ഈ പ്രദേശങ്ങളിൽ ഉണ്ടായാൽ അത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ദുരിതമായിരിക്കും സമ്മാനിക്കുക. ദൗർഭാഗ്യവശാൽ ഇപ്പോഴത്തെ സർക്കാർ തീരുമാനം മറ്റൊരു ദുരന്ത മുനമ്പിലേക്കാണ് ഈ പ്രദേശത്തെ ജനങ്ങളെ തള്ളിയിട്ടിരിക്കുന്നതെന്നും ജനകീയ വേദി ആരോപിക്കുന്നു.
Content Highlights: approves ₹306 crore for phase 2 of Chellanam`s sea wall, extending tetrapod construction
Published: 02 Jul 2025, 04:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented