ചേലക്കര/കൽപറ്റ: ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാടും ചേലക്കരയിലും ആവേശം വാനോളമാക്കി കൊട്ടിക്കലാശം. ഉത്സവാന്തരീക്ഷം തീർത്താണ് വയനാട്ടിൽ മുന്നണികളുടെ അവസാനവട്ട പ്രചാരണം പുരോ​ഗമിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും തിരുവമ്പാടിയിൽ പ്രവർത്തകർക്കൊപ്പം അണിനിരന്നു. പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞ് ജനസാ​ഗരമാണ് എത്തിയത്. 

To advertise here,

പ്രചാരണം കഴിഞ്ഞു വൈകി എത്തിയാലും ക്ഷീണം തോന്നാറില്ലെന്നും നിങ്ങളുടെ സ്നേഹമാണ് അതിന് കാരണമെന്നും പ്രിയങ്ക പ്രവർത്തകരോട് പറഞ്ഞു. 'വയനാട് മണ്ഡലം മുഴുവൻ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഇവിടെ ഈ പ്രദേശത്തു കണ്ടിട്ടുള്ള ഒരോ വ്യക്തിയും എന്നെ സ്വാധീച്ചിട്ടുണ്ട്. നിങ്ങളെ പ്രശ്നം എന്താണെന്ന് മനസിലാക്കൻ ഞാൻ ശ്രമിക്കുകയാണ്. നിങ്ങൾ എനിക്ക് ഒരുപാട് സ്നേഹം നൽകി. മതസൗഹാർദ്ദവും സ്നേഹവും ഈ നാട്ടിൽ ഉണ്ട്‌. രാഹുലിന്റെ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടിയ സമയത്ത് നിങ്ങൾ അദ്ദേഹത്തെ സഹായിച്ചു. വയനാട് വിട്ടുപോകാൻ അദ്ദേഹത്തിന് എത്ര വിഷമമുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ ഇവിടെ ഉള്ളതിൽ അദ്ദേഹത്തിന് സന്തോഷം ഉണ്ട്‌.  നിങ്ങൾക്ക് വേണ്ടി അദ്ദേഹം പരിശ്രമിച്ച പോലെ ഞാനും പരിശ്രമിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തെ പോലെ ഞാനും ആരുടെ മുന്നിലും മുട്ടുക്കുത്തില്ല. നിങ്ങൾ തരുന്ന സ്നേഹം തിരിച്ചു തരാൻ നിങ്ങൾ എനിക്ക് അവസരം നൽകണം', പ്രിയങ്ക കൂട്ടിച്ചേർത്തു.  

പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടയിൽ ആയിരുന്നു രാഹുൽ​ഗാന്ധിയുടെ പ്രസം​ഗം. നിങ്ങളുടെ പ്രശ്നങ്ങൾ  മനസ്സിലാക്കാനും പരിഹരിക്കാനും പറ്റുന്ന ആളാണ് എന്റെ സഹോദരിയെന്നും ഞങ്ങൾ രണ്ടുപേരും വയനാടിനുവേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കല്പറ്റയിലാണ് എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം. സ്ഥാനാർഥി സത്യൻ മൊകേരിയും മന്ത്രിമാരായ പി. പ്രസാദും ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് പ്രവർത്തകരുടെ വലിയ ആവേശമാണ് ഇവിടെ കാണുന്നത്. ബത്തേരി ന​ഗരം കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ.യുടെ കൊട്ടിക്കലാശം. സ്ഥാനാർഥി നവ്യാഹരിദാസിനൊപ്പം പി.കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള നേതാക്കളും അണിനിരന്നു. പാട്ടും മേളവുമായി ആവേശത്തിരയിളക്കമാണിവിടെ. 

ചേലക്കരയിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് കൊട്ടിക്കലാശം കൊട്ടിക്കേറിയത്. ചേലക്കര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടന്ന മുന്നണികളുടെ അവസാനവട്ട പ്രചാരണം കളർഫുൾ ആയി. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനൊപ്പം നിരവധി നേതാക്കളും പ്രവർത്തകർക്കൊപ്പം അണിനിരന്നതോടെ ആവേശം അണപൊട്ടി. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പ്രൈസ് എൻ‌ട്രിയും പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. 

ചേലക്കരയെ ചെങ്കടലാക്കിക്കൊണ്ടായിരുന്നു എൽഡിഎഫിന്റെ കൊട്ടിക്കലാശം. സ്ഥാനാർഥി യു.ആർ.പ്രദീപിനൊപ്പം 
മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, വി.എസ്.സുനിൽകുമാർ എന്നിങ്ങനെ നേതാക്കളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു. ചേലക്കര ന​ഗരത്തെ ഇളക്കിമറിക്കുന്നതായിരുന്നു എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ റോഡ് ഷോ. നേതാക്കളും പ്രവർത്തകരും പാട്ടും നൃത്തവുമായി എൻഡിഎ ക്യാമ്പിനെ ആവേശത്തിലാക്കി.