അഞ്ചരക്കണ്ടി: സ്നേഹനൂലിൽ ഷിബിൻ കോർത്തെടുത്തത് പരിമിതികളെല്ലാം കടന്ന് തിളങ്ങുന്ന താലിച്ചരട്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽനിന്ന് ഷിബിൻ ദാമ്പത്യജീവിതത്തിലേക്ക് ഹൃദ്യയെ താലിചാർത്തിയപ്പോൾ കൂടിനിന്നവർക്കും ആഹ്ലാദത്തിന്റെ നിമിഷം. സെറിബ്രൽ പാൾസി ബാധിച്ച, അഞ്ചരക്കണ്ടിയിലെ കാരുണ്യം ബഡ്സ് റിഹാബിലിറ്റേഷൻ കേന്ദ്രത്തിലെ പഠിതാവായ ഹൃദ്യയെ ജീവിതത്തോട് ചേർത്ത ഷിബിൻ അതേ വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്.

To advertise here,

2022 മുതൽ അഞ്ചരക്കണ്ടി ബഡ്‌സ് സ്കൂൾ വിദ്യാർഥിനിയായി എത്തിയ കെ.കെ. ഹൃദ്യ ഇവിടെ തൊഴിൽ നൈപുണിപരിശീലനം നേടുന്ന പ്രവർത്തനങ്ങളിൽ സജീവമായി. ഹൃദ്യയെ പ്രസവിച്ചതോടെ അമ്മ കെ.കെ. മഞ്ജിമയും മഞ്ഞപ്പിത്തം ബാധിച്ച് അച്ഛൻ രഞ്ജിത്തും മരിച്ചു. ഇവരുടെ ഏക മകളാണ് 24-കാരിയായ ഹൃദ്യ. പിന്നീട് മുഴപ്പാല നരിക്കോട് കോമത്തുകണ്ടി വീട്ടിൽ പ്രായമായ അച്ഛാച്ഛൻ ചന്ദ്രന്റെയും അമ്മമ്മ ഓമനയുടെയും സംരക്ഷണയിലാണ് ഹൃദ്യ കഴിഞ്ഞിരുന്നത്.

placeholder
ഷിബിനും ഹൃദ്യയും

മുരിങ്ങേരി ആലക്കൽ മുരിക്യാൽ വീട്ടിൽ കെ.വി. നാണുവിന്റെയും പരേതയായ ശൈലജയുടെയും മകനാണ് 33-കാരനായ വി. ഷിബിൻ. 2017 മുതൽ അഞ്ചരക്കണ്ടി ബഡ്‌സ് സ്കൂൾ ഡ്രൈവറാണ്. അച്ഛന്റെയും സഹോദരന്റെയും കൂടെയാണ് ഷിബിൻ താമസിക്കുന്നത്. മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

ഹൃദ്യക്ക് ജീവിതം നൽകാൻ കഴിഞ്ഞതിൽ ഷിബിനും തനിക്കിഷ്ടപ്പെട്ട ജീവിതപങ്കാളിയെ കിട്ടിയതിൽ ഹൃദ്യയും ഏറെ സന്തോഷത്തിലാണ്. തനിക്കേറെ പ്രിയപ്പെട്ട വിദ്യാർഥിനിയായ ഹൃദ്യക്ക് ഒരു ജീവിതം സമ്മാനിച്ച ഷിബിൻ നാടിന് നല്ലൊരു മാതൃകയാണ് നൽകിയതെന്ന് ബഡ്സ് സ്കൂൾ അധ്യാപിക ടി.കെ. ബിന്ദു പറഞ്ഞു.