സെറിബ്രൽ പാൾസി (ചുരുക്കത്തിൽ സി.പി.)യെ പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്ന് വിളിക്കുന്നത്. ഗർഭകാലത്തോ, പ്രസവസമയത്തോ, അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ചില മാസങ്ങളിലോ തലച്ചോറിന് സംഭവിക്കുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.
ശ്രദ്ധയോടും സുസ്ഥിരമായ പരിചരണത്തോടും കൂടിയ സമീപനം ലഭിച്ചാൽ സെറിബ്രൽ പാൾസി ഉള്ളവരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റം കൊണ്ടുവരാൻ സാധിക്കും. പല കേസുകളും തടയാനാകുന്നതോ, അതിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകുന്നതോ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പേശികളുടെ ഏകോപനമില്ലായ്മ, പേശികൾ വലിഞ്ഞുമുറുകുകയോ അയഞ്ഞുപോവുകയോ ചെയ്യുക, നടത്തത്തിലെ അസാധാരണത്വം, സംവേദനക്ഷമതയിലെ വ്യത്യാസങ്ങൾ, വിറയൽ എന്നിവയെല്ലാം സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങളായി കാണാം. അതോടൊപ്പം, അപസ്മാരം, മാനസിക വൈകല്യം, കാഴ്ചയിലോ കേൾവിയിലോ ഉള്ള പ്രശ്നങ്ങൾ, സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ, വൈകാരികവും സ്വഭാവപരമായും ഉണ്ടാകുന്ന വെല്ലുവിളികൾ എന്നിവയും അനുബന്ധമായി കാണപ്പെടുന്നു.
ശരീരവേദനയും പലരിൽ സ്ഥിരമായി അനുഭവപ്പെടാം. ചിലർക്കത് തുടർച്ചയായും ചിലർക്കത് ഇടയ്ക്കിടെ വന്നുപോകുന്ന തരത്തിലും ആയിരിക്കും.
രോഗം നേരത്തേ തിരിച്ചറിയുന്നതും, വിവിധ മേഖലകളിലെ വിദഗ്ധർ ഒരുമിച്ച് നൽകുന്ന ചികിത്സയും വളരെ പ്രധാനമാണ്. പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് തുടങ്ങിയവരുടെ ഏകോപിത സേവനങ്ങളാണ് സെറിബ്രൽ പാൾസി ബാധിതർക്കു ആവശ്യമായത്.
കണക്കുകൾ പറയുന്നത്
വികസിതരാജ്യങ്ങളിൽ, ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 1.6 പേർക്ക് സെറിബ്രൽ പാൾസി കാണപ്പെടുന്നു. താഴ്ന്ന വരുമാനവും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടക്കുന്നില്ല. എന്നിരുന്നാലും, ഇത്തരം രാജ്യങ്ങളിൽ സെറിബ്രൽ പാൾസിയുള്ളവരുടെ എണ്ണം കൂടുതലാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഇന്ത്യയിലെ കണക്കുകൾ പ്രകാരം, ആയിരം കുട്ടികളിൽ ഏകദേശം 2.9 പേർക്ക് സെറിബ്രൽ പാൾസി ഉണ്ട്. അതായത്, ഇന്ത്യയിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ഈ അവസ്ഥയുണ്ടെന്നും, അവർക്കു സ്ഥിരമായ സഹായവും പിന്തുണയും ആവശ്യമാണ് എന്നതും കണക്കുകൾ വ്യക്തമാക്കുന്നു.
സെറിബ്രൽ പാൾസിയുടെ കാരണങ്ങൾ?
ഏതെങ്കിലും ഒരു കാരണത്താൽ മാത്രമല്ല സെറിബ്രൽ പാൾസി ഉണ്ടാകുന്നത്. പലപ്പോഴും, ആവർത്തിച്ചോ നിരന്തരം സംഭവിച്ചോ വരുന്ന ചില പ്രശ്നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഗർഭകാലത്തും പ്രസവസമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ചില ഘടകങ്ങൾ ചേർന്നാണ് ഇതുണ്ടാകുന്നത്
പ്രധാന കാരണങ്ങൾ:
മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും:
പല പഠനങ്ങളും കാണിക്കുന്നത്, സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് മാസം തികയാതെയുള്ള ജനനവും കുഞ്ഞിന്റെ കുറഞ്ഞ ഭാരവുമെന്നാണ്.
പ്രസവസമയത്തെ സങ്കീർണ്ണതകൾ:
പ്രസവസമയത്ത് തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കുന്നത് കുറയുകയോ, നവജാത ശിശുക്കൾക്ക് ഗുരുതരമായ അസുഖങ്ങൾ വരികയോ ചെയ്യുന്നത് സെറിബ്രൽ പാൾസിക്ക് കാരണമാകാം. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള പ്രദേശങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കുറവായിട്ടാണ് കാണുന്നത്. എന്നാൽ പ്രസവ-ശിശു പരിചരണസൗകര്യം കുറവുള്ള പ്രദേശങ്ങളിൽ ഈ ഘടകം പ്രധാനമായ കാരണമായി തുടരുന്നു.
ജനിതക തകരാറുകളും തലച്ചോറിന്റെ ഘടനാപരമായ പ്രശ്നങ്ങളും:
ജനിതകമായ കാരണങ്ങളാലോ, തലച്ചോറിന്റെ വികാസത്തിൽ ഉണ്ടാകുന്ന ഘടനാപരമായ തകരാറുകളാലോ സെറിബ്രൽ പാൾസി ഉണ്ടായേക്കാം. ഇത്തരം കേസുകൾ ഇപ്പോൾ നേരത്തേ തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഗർഭകാലത്തെ മദ്യപാനം സെറിബ്രൽ പാൾസിയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
നവജാത ശിശുക്കളിലെ അണുബാധകൾ:
മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് പോലുള്ള അണുബാധകൾ തലച്ചോറിനെ ബാധിക്കുമ്പോൾ സെറിബ്രൽ പാൾസി ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭകാല പരിചരണത്തിലെ കുറവ്, വിദഗ്ധരുടെ സഹായമില്ലാതെ നടക്കുന്ന പ്രസവങ്ങൾ, നവജാത ശിശുവിന് ആവശ്യമായ തീവ്രപരിചരണത്തിന്റെ അഭാവം, അണുബാധ നിയന്ത്രണത്തിലെ വീഴ്ച തുടങ്ങിയവയും ഈ സാധ്യത വർധിപ്പിക്കുന്നു.
പലപ്പോഴും, ഈ കാരണങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാം. ഉദാഹരണത്തിന്, മാസം തികയാതെയുള്ള ജനനത്തോടൊപ്പം അണുബാധ ഉണ്ടാകുന്നത് പോലെയുള്ളത്. അതുകൊണ്ട് തന്നെ, അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രമായ പരിചരണം ഉറപ്പാക്കുന്നത് സെറിബ്രൽ പാൾസിയെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്.
സെറിബ്രൽ പാൾസി തടയാൻ കഴിയുമോ?
സെറിബ്രൽ പാൾസിയെ പൂർണ്ണമായി തടയാൻ നിലവിൽ ഉറച്ച മാർഗങ്ങളൊന്നുമില്ല എന്നതാണ് ഏറ്റവും നേരായ ഉത്തരമെന്ന് പറയാം. എങ്കിലും, പല കേസുകളും ഒരു പരിധിവരെ തടയാനോ അതിന്റെ തീവ്രത കുറയ്ക്കാനോ സാധ്യമാണ്. അതിന് പൊതുജനാരോഗ്യ സംവിധാനങ്ങളും കൃത്യമായ വൈദ്യപരിചരണവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഗർഭിണികളിൽ അണുബാധകൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അവസ്ഥകൾ സമയബന്ധിതമായി കണ്ടെത്തി ശരിയായി ചികിത്സിക്കുക വളരെ പ്രധാനമാണ്. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മദ്യപാനം പൂർണമായും ഒഴിവാക്കണം.
ഗുണമേന്മയുള്ള പ്രസവപരിചരണം ഉറപ്പാക്കുന്നത് സെറിബ്രൽ പാൾസി തടയാൻ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്. പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രസവം നടത്തണം. കുഞ്ഞിന് ആവശ്യമായ നിരീക്ഷണം ഉറപ്പാക്കുകയും, ആവശ്യമെങ്കിൽ വൈകാതെ സിസേറിയൻ നടത്തുകയും വേണം. പ്രസവസമയം അനാവശ്യമായി നീട്ടിവെക്കുമ്പോൾ കുഞ്ഞിന്റെ തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. ഇത് സെറിബ്രൽ പാൾസിക്ക് കാരണമാകാം.
പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ തലച്ചോറിന് പരിക്കുകൾ സംഭവിക്കുമ്പോൾ അതിനുള്ള ഉടൻ ലഭ്യമായ ചികിത്സ അനിവാര്യമാണ്. അതിനാൽ, ഗർഭിണികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ (NICU) സൗകര്യം ഉറപ്പാക്കണം.
പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് സ്വീകരിക്കുന്നത് അണുബാധകൾ തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച്, മെനിഞ്ചൈറ്റിസ് പോലുള്ള അണുബാധകൾ ഒഴിവാക്കാൻ പ്രതിരോധ കുത്തിവയ്പ്പുകൾ നിർണായകമാണ്.
കുട്ടികളിൽ വളർച്ചാപരമായ കാലതാമസങ്ങൾ (ഇഴയാൻ, നടക്കാൻ, സംസാരിക്കാൻ തുടങ്ങിയവയിൽ വൈകുന്നത്) ശ്രദ്ധയിൽപ്പെട്ടാൽ അതിനെ അവഗണിക്കരുത്. വേഗത്തിൽ തിരിച്ചറിയലും ചികിത്സയും കുട്ടിയുടെ ഭാവി മാറ്റാൻ സഹായിക്കും. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴോ ഡയപ്പർ മാറ്റുമ്പോഴോ പേശികളിൽ അസാധാരണമായ മുറുക്കം, കുഴയൽ തുടങ്ങിയതൊന്നും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ലഭ്യമായ ചികിത്സകൾ
സെറിബ്രൽ പാൾസിക്ക് കാരണമാകുന്ന തലച്ചോറിലെ തകരാറിനെ പൂർണമായും മാറ്റിക്കുറയ്ക്കുന്ന സമഗ്ര ചികിത്സ നിലവിൽ ഇല്ല. ഇപ്പോഴുള്ള ചികിത്സകൾയുടെ ലക്ഷ്യം സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുക, അനുബന്ധ ബുദ്ധിമുട്ടുകൾ കുറയ്ക്കുക, സാധാരണ ജീവിതം നയിക്കാൻ സഹായിക്കുക, ജീവിതനിലവാരം ഉയർത്തുക എന്നിവയാണ്.
നിലവിലെ മികച്ച ചികിത്സാ രീതിയിൽ, വിവിധ മേഖലകളിലെ വിദഗ്ധർ ഒരുമിച്ച്, ഓരോ കുട്ടിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത പരിചരണം നൽകുകയാണ് ചെയ്യുന്നത്. ചികിത്സയുടെ തുടക്കമായി പീഡിയാട്രിഷനെയാണ് സമീപിക്കേണ്ടത്. ഏത് തരത്തിലുള്ള സെറിബ്രൽ പാൾസിയാണെന്ന് തിരിച്ചറിയുന്നത് ചികിത്സയുടെ ദിശ നിശ്ചയിക്കുന്നതിൽ നിർണായകമാണ്.
സെറിബ്രൽ പാൾസി പ്രധാനമായും മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്:
- സ്പാസ്റ്റിക് സെറിബ്രൽ പാൾസി – ഏറ്റവും സാധാരണമായ രൂപം.
- ഡിസ്കിനെറ്റിക് സെറിബ്രൽ പാൾസി
- അറ്റാക്‌സിക് സെറിബ്രൽ പാൾസി
തലച്ചോറിന്റെ ഏത് ഭാഗത്താണ് തകരാർ സംഭവിച്ചിരിക്കുന്നതെന്ന് ആശ്രയിച്ചാണ് ലക്ഷണങ്ങളും ചികിത്സാരീതിയും വ്യത്യാസപ്പെടുന്നത്. ഒരേ വ്യക്തിയിൽ ഈ മൂന്ന് തരങ്ങളിൽ ഒന്നിലധികം രൂപങ്ങൾ ഒരുമിച്ചും കാണാം.അതിനാൽ ഓരോരുത്തരുടെയും അവസ്ഥ വിലയിരുത്തി വ്യക്തിഗത ചികിത്സാ പദ്ധതി തയ്യാറാക്കുകയാണ് ഉചിതം.
പ്രധാന ചികിത്സാരീതികൾ:
പുനരധിവാസ ചികിത്സകൾ:
ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി തുടങ്ങിയവ ചലനശേഷി, ആശയവിനിമയം, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ:
പേശികളിലെ വലിഞ്ഞുമുറുകൽ കുറയ്ക്കാൻ ഗുളിക രൂപത്തിലുള്ള മരുന്നുകൾ നൽകാറുണ്ട്. ചില കേസുകളിൽ പേശികളിലേക്ക് നേരിട്ടോ സുഷുമ്നാനാഡിയിലേക്കോ ബോട്ടുലിനം ടോക്സിൻ കുത്തിവയ്ക്കാറുണ്ട്.
പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ചില കുട്ടികളിൽ സെലക്ടീവ് ഡോർസൽ റൈസോട്ടമി എന്ന ശസ്ത്രക്രിയ ഫലപ്രദമാണ്. അപസ്മാരം നിയന്ത്രിക്കാൻ മരുന്നുകൾ ആവശ്യമായേക്കാം.
ഓർത്തോപീഡിക് ശസ്ത്രക്രിയ:
പേശികളുടെ വലിഞ്ഞുമുറുകൽ, ഇടുപ്പെല്ലിന്റെ സ്ഥാനഭ്രംശം, മറ്റ് എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ ഓർത്തോപീഡിക് ശസ്ത്രക്രിയകൾ സഹായകരമാണ്.
സഹായക ഉപകരണങ്ങൾ:
വീൽചെയറുകൾ, കാലും കൈയും പിന്തുണയ്ക്കുന്ന ഓർത്തോസിസുകൾ, ആശയവിനിമയത്തിനുള്ള സഹായ ഉപകരണങ്ങൾ, വീടുകളിലെയും സ്കൂളുകളിലെയും സൗകര്യപരമായ മാറ്റങ്ങൾ എന്നിവ കുട്ടികളുടെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നു.
പോഷകാഹാരവും ശ്വാസകോശപരിചരണവും:
സെറിബ്രൽ പാൾസിയുള്ള കുട്ടികളിൽ ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടുകളും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളും സാധാരണമാണ്. അതിനാൽ ശരിയായ പോഷകാഹാരം ഉറപ്പാക്കുകയും, ആവശ്യമെങ്കിൽ ട്യൂബ് വഴി ഭക്ഷണം നൽകുകയും വേണം. ശ്വാസകോശത്തിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
സാമൂഹ്യാധിഷ്ഠിത പുനരധിവാസവും മാതാപിതാക്കളുടെ പരിശീലനവും:
സെറിബ്രൽ പാൾസിയുള്ള കുട്ടികളെ പരിചരിക്കാനും ഊട്ടാനും ഉറക്കാനും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക പരിശീലനം ആവശ്യമാണ്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ചില ലളിത വ്യായാമങ്ങൾ ഇവർക്കു സഹായകരമാകാം. ഭിന്നശേഷിയുള്ള കുട്ടികൾക്കും മറ്റുള്ളവരോടൊപ്പം പഠിക്കാനും വളരാനും സാധിക്കുന്നതിനായി സ്‌കൂളുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
ഒക്കുപ്പേഷണൽ തെറാപ്പിയുടെ പ്രാധാന്യം
സെറിബ്രൽ പാൾസിയുള്ളവർക്കായുള്ള സമഗ്ര ചികിത്സാ പദ്ധതിയിലെ ഒരു സുപ്രധാന ഘടകമാണ് ഒക്കുപ്പേഷണൽ തെറാപ്പി.
ഈ തെറാപ്പി കുട്ടികളുടെ സ്വാഭാവിക വളർച്ചാ ഘട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനും, അവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കാനും സഹായിക്കുന്നു. പേശികളെ നിയന്ത്രിക്കാൻ പരിശീലിപ്പിക്കൽ, വീഴാതിരിക്കാനുള്ള ബാലൻസ് മെച്ചപ്പെടുത്തൽ, ലളിതമായ വ്യായാമങ്ങൾ നടത്തിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആവശ്യമെങ്കിൽ, ഓരോ കുട്ടിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായക ഉപകരണങ്ങൾ കണ്ടെത്താനും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളെ സമീപിക്കാം.
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും പരിചരിക്കാനുമുൾപ്പെടെ, രക്ഷിതാക്കൾക്ക് ആവശ്യമായ മാനസികവും പ്രായോഗികവുമായ പരിശീലനവും ഈ തെറാപ്പി നൽകുന്നു.
സെറിബ്രൽ പാൾസിയുള്ളവരുടെ ചലനശേഷിയും ബൗദ്ധിക കഴിവുകളും പരമാവധി വികസിപ്പിക്കാൻ ഒക്കുപ്പേഷണൽ തെറാപ്പി സഹായിക്കുന്നു. വളരെ നേരത്തെ തന്നെ തെറാപ്പി തുടങ്ങുന്നതും ഗുണം ചെയ്യും.
സേവനങ്ങൾ, നിയമങ്ങൾ, പോരായ്മകൾ
സാധാരണ സെറിബ്രൽ പാൾസി ഉള്ളവർക്ക്, സ്വയം നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുകയും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും, സാധാരണ ജീവിതം നയിക്കാൻ സാധിക്കും. എന്നാൽ ഗുരുതരമായ സെറിബ്രൽ പാൾസി ഉള്ളവർക്ക് (നടക്കാൻ കഴിയാത്തവർ, നിയന്ത്രിക്കാൻ കഴിയാത്ത അപസ്മാരം, ആവർത്തിച്ചുള്ള ശ്വാസകോശ പ്രശ്നങ്ങൾ) ആയുർദൈർഘ്യം കുറവായിരിക്കാം. പലപ്പോഴും മരണത്തിന് കാരണമാകുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും ആണ്.
സെറിബ്രൽ പാൾസിയുള്ള കുട്ടികൾക്കായി നമ്മുടെ രാജ്യത്ത് ചില നിയമങ്ങളും സേവനങ്ങളും ലഭ്യമാണ്. ഉദാഹരണത്തിന്:
Rashtriya Bal Swasthya Karyakram (RBSK): കുട്ടികളിലെ വളർച്ചാപരമായ കാലതാമസങ്ങൾ കണ്ടെത്തി, അവരെ ചികിത്സിക്കുന്നത് ലക്ഷ്യമിടുന്നു.
ഭിന്നശേഷിക്കാരുടെ അവകാശ നിയമം (RPwD Act, 2016): സെറിബ്രൽ പാൾസിയെ അംഗീകരിക്കുകയും, വിദ്യാഭ്യാസം, സംവരണം, സൗകര്യങ്ങൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ നൽകുകയും ചെയ്യുന്നു.
കേരളത്തിലെ സാമൂഹ്യസുരക്ഷാ മിഷൻ പോലുള്ള സർക്കാർ സംവിധാനങ്ങൾ, ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തേ കണ്ടെത്താനും അവരെ പുനരധിവസിപ്പിക്കാനും, സമൂഹത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാനും സജീവമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് നിരവധി സ്വകാര്യ, സന്നദ്ധ സംഘടനകളുടെ പുനരധിവാസ കേന്ദ്രങ്ങൾ, ശിശു വികസന കേന്ദ്രങ്ങൾ, സ്പെഷ്യലൈസ്ഡ് ആശുപത്രികളും ഉണ്ട്.
ഇക്കാര്യത്തിൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മറ്റ് പല സംസ്ഥാനങ്ങളെക്കാളും മികച്ചതാണെങ്കിലും, സേവനങ്ങൾ ഏകോപിപ്പിക്കുക, എല്ലാവർക്കും ദീർഘകാല സഹായങ്ങൾ നൽകുക, സെറിബ്രൽ പാൾസി ഉള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ മേഖലകളിൽ ഇനിയും നാം വളരെയധികം മുന്നോട്ടുപോകേണ്ടതാണ്.
കുടുംബങ്ങൾക്കും സമൂഹത്തിനും എന്തൊക്കെ ചെയ്യാൻ കഴിയും?
സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ വൈദ്യസഹായം കൂടാതെ കുടുംബങ്ങൾക്കും, സ്കൂളുകൾക്കും, സമൂഹത്തിനും വലിയ പങ്കുണ്ട്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നിവ വളരെ നേരത്തെ തുടങ്ങുകയും, സ്ഥിരമായി തുടരുകയും വേണം. വീട്ടിൽ ദിവസവും ചെയ്യാവുന്ന ചെറിയ വ്യായാമങ്ങളും കുട്ടിയുടെ പുരോഗതിയിൽ വലിയ മാറ്റങ്ങൾ വരുത്തും.
ഇത്തരം കുട്ടികളെ പരിചരിക്കുന്നവർക്കും മാനസിക പിന്തുണ ആവശ്യമാണെന്നത് മറക്കരുത്. സെറിബ്രൽ പാൾസിയുള്ള കുട്ടികളെ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളും തൊഴിൽ അവസരങ്ങളും നമുക്ക് ഉറപ്പാക്കേണ്ടതാണ്. അതിന് പ്രത്യേക അടിസ്ഥാനസൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപകരും ആവശ്യമാണ്.
തെറാപ്പികൾക്കും, സാമൂഹ്യക്ഷേമ പദ്ധതികൾക്കും സംസ്ഥാനതലത്തിലുള്ള ഭിന്നശേഷി വിഭവങ്ങൾ (കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പ്രാദേശിക മെഡിക്കൽ കോളേജുകൾ, പുനരധിവാസ കേന്ദ്രങ്ങൾ) ഉപയോഗിക്കണം.
സെറിബ്രൽ പാൾസിയുള്ള കുട്ടികളുള്ള വീടുകളിലെ രക്ഷിതാക്കൾ പലപ്പോഴും സാമൂഹികമായി ഒറ്റപ്പെടുകയും പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യാറുണ്ട്. അവരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്.
(കൊച്ചി പ്രയത്ന ചൈൽഡ് ഡെവലെപ്മെന്റ് സെന്റർ സ്ഥാപകനും സീനിയർ ഒക്യുപേഷണൽ തെറാപ്പിസ്റ്റുമാണ് ലേഖകൻ)
Content Highlights: Understand Cerebral Palsy (CP), a group of disorders affecting movement and posture. Learn about causes, symptoms, diagnosis, and comprehensive care strategies for a better life.
Published: 06 Oct 2025, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented