തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) ബ്രാൻഡിങ് വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരേ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഇന്ത്യയിൽ ആദ്യമായി ക്ലീൻ ചിറ്റ് നൽകിയത് ഷാജിയാണ്. വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കണമെന്നാണ് ഷാജി അന്ന് പറഞ്ഞത്. ഇപ്പോൾ അതേ ഷാജി മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ വരികയാണ്. അതിന് മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്ന് എ.എ. റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

To advertise here,

മോദിയുടെ പടമുണ്ടോ ഇല്ലയോ എന്നത് മാത്രമല്ല പ്രശ്നം. മോദി കൊടുത്തുവിട്ടിരിക്കുന്ന ചാപ്പയിൽ മനുഷ്യന്റെ ആത്മാഭിമാനം കളങ്കപ്പെടും എന്നതാണ് പ്രധാനപ്രശ്നം. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലേ? സൗജന്യംകിട്ടിയ വീട്ടിൽ കിടക്കുന്നവനാണ് എന്ന ബോധം മലയാളിക്ക് ഉണ്ടാകാൻ പാടില്ല. അത് മനുഷ്യന്റെ അത്മാഭിമാനത്തെ മുറിപ്പെടുത്തും. അത് മനസ്സിലാക്കാൻ എന്തേ ഷാജിക്ക് കഴിയാത്തത്, റഹീം ചോദിച്ചു.

ഒരു ഉളുപ്പുമില്ലാതെ ഷാജി പറയുകയാണ്, ഞാൻ മോദിയുടെ പടം വെക്കാൻ പറഞ്ഞില്ലാല്ലോ എന്ന്. നമ്മുടെ വീട്ടിൽ ഇത്തരത്തിൽ ബോർഡ് വെച്ചാൽ എന്തായിരിക്കും അവസ്ഥ. മനുഷ്യന്റെ ആത്മാഭിമാനത്തെക്കുറിച്ചുള്ള ഒരു ആശങ്കയും മന്ത്രി ഷാജിക്കില്ല. ഇത്തരത്തിൽ ബോർഡ് വെച്ചാൽ മനുഷ്യന്റെ ആത്മാഭിമാനം വൃണപ്പെടും എന്ന് ഷാജിക്ക് ആരാണ് പറഞ്ഞു കൊടുക്കുക? ലോൺ എടുത്ത് വീടുവെച്ച ആളോട് സ്ഥിരം ബാങ്കിന്റെ ലോഗോ വെക്കണമെന്ന് പറഞ്ഞാൽ വെക്കാൻ പറ്റോ?

ഇത്തരത്തിൽ ബോർഡ് വെക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഈ നിമിഷംവരെ ഷാജിക്ക് ബോധ്യപ്പെട്ടിട്ടില്ല. ലീഗിന് ഈ നിലപാടുതന്നെ ആണോ എന്ന് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും വ്യക്തമാക്കണം, റഹീം ആവശ്യപ്പെട്ടു.

വളരെ ചെറിയ തുക എറിഞ്ഞുകൊടുത്തിട്ടാണ് തന്റെ പദ്ധതിയിലെ വീടെന്ന് സ്ഥിരം ബോർഡ് വെക്കാൻ പ്രധാനമന്ത്രി അൽപ്പത്തം പറയുന്നത്. അത് ആവർത്തിക്കാൻ ലീഗിനും യുഡിഎഫിനും എന്ത് രാഷ്ട്രീയ ബാധ്യതയാണ് ഉള്ളത്? വീടില്ലാത്തവർക്ക് വീട് വെക്കാൻ സഹായം നൽകേണ്ടത് ഒരു സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നത് മറന്നതുകൊണ്ടാണ് മോദി സർക്കാർ ബ്രാൻഡിങ് നിബന്ധന അടിച്ചേൽപ്പിക്കുന്നത്. മോദി ഭരണഘടനാ മൂല്യങ്ങൾ അവഗണിക്കുമ്പോൾ അത് അനുകരിക്കാനല്ല കേരളം ശ്രമിക്കേണ്ടത്.

ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ഇന്ത്യയിൽ ആദ്യമായി ക്ലീൻ ചിറ്റ് നൽകിയത് ഷാജിയാണ്. വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കണമെന്നാണ് ഷാജി അന്ന് പറഞ്ഞത്. ഇപ്പോൾ അതേ ഷാജി മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ വരികയാണ്. അതിന് മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല. വളരെ കാലങ്ങൾക്ക് മുമ്പുതന്നെ മോദിയെ മനസ്സിൽ പതിപ്പിച്ച ആളാണ് ഷാജി. അതുകൊണ്ട് ഇത് ലീഗിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഷാജി വീണിടത്ത് കിടന്ന് ഉരുളരുത്, എ.എ. റഹീം പറഞ്ഞു.

മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്ത ഉത്തരേന്ത്യൻ യാത്രയിലെ ദൃശ്യങ്ങളടക്കം ഉയർത്തിക്കാട്ടിയായിരുന്നു എ.എ. റഹീമിന്റെ വാർത്താസമ്മേളനം.