
കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം പണിയുന്ന വീടുകളിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. പിഎംഎവൈ വീടുകളിൽ വെയ്ക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്നും പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെയ്ക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്തുവർഷം കേരളത്തിൽ അഞ്ചുലക്ഷം വീടുകൾ നൽകിയെന്ന കണക്കാണ് നിയമസഭയിൽ കൊടുത്തത്. ഇതിൽ ലൈഫ് മിഷൻ നൽകിയ ഏകദേശം 1.60 ലക്ഷം വീടുകൾ പിഎംഎവൈ പദ്ധതി പ്രകാരം നിർമിച്ചവയാണ്. നഗരമേഖലകളിൽ 1.20 ലക്ഷം വീടുകളും റൂറൽ മേഖലയിൽ 38,000 വീടുകളുമാണ് നൽകിയത്. പിഎംഎവൈയുടെ വീടുകളിലെല്ലാം എബ്ലം ഉണ്ട്. എന്നാൽ, എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടവുമില്ല പേരുമില്ല. വീടുകളിൽ എബ്ലം വെയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിൽ പിഎംഎവൈ പ്രകാരം നൽകിയ 1.60 ലക്ഷം വീടുകളിൽ ഏതെങ്കിലുമൊന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാൽ ഞാൻ തെറ്റു സമ്മതിക്കാം, ഷാജി കൂട്ടിച്ചേർത്തു.
പിഎംഎവൈ കരാറിൽനിന്ന് മുൻ എൽഡിഎഫ് സർക്കാർ പിന്നോട്ടുപോയത് സംസ്ഥാന വിഹിതം നൽകാനുള്ള പണം ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി ആരോപിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് കപട ആദർശവേഷം കെട്ടുകയായിരുന്നു എൽഡിഎഫ് സർക്കാർ. പാവങ്ങൾക്ക് കിട്ടേണ്ട വീടുകൾ എംബ്ലത്തിന്റെ പേരിൽ മുടക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസ് ഭവനപദ്ധതി വിഭാവനം ചെയ്തവർക്ക് എങ്ങനെയാണ് പിഎംഎവൈയെ എതിർക്കാൻ സാധിക്കുന്നതെന്നും ഷാജി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിയമനത്തിൽ അപാകതയില്ലെന്നും ഷാജി പറഞ്ഞു. തൻ്റെ വകുപ്പാണ് അദ്ദേഹത്തെ ശുപാർശ ചെയ്തത്. അത് സർക്കാർ അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തേക്കുറിച്ച് എല്ലാ കാര്യങ്ങളും പരിശോധിച്ചതാണ്. വിശ്വാസി ആകുന്നത് തെറ്റായ കാര്യമല്ല. വിശ്വാസി ആയതുകൊണ്ട് ആർഎസ്എസ് ചാപ്പ കുത്തേണ്ടതില്ല.
പി.എം. ശ്രീ കരാർ അറബിക്കടലിൽ ഒഴുക്കി പ്രതിഷേധിച്ച ഡിവൈഎഫ്ഐയെ ഷാജി പരിഹസിച്ചു. പ്രതിഷേധത്തിനിടെ മുൻപ് കടലിൽ ഒഴുക്കിയ പല പദ്ധതികളുമാണ് ഡിവൈഎഫ്ഐയുടെ വലയിൽ കുടുങ്ങിയത് എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. തന്നെക്കുറിച്ചുള്ള എ. കെ. ബാലന്റെ വിമർശനം തമാശയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Clarification that PMAY emblems in Kerala do not feature the PM's photo., 1.60 lakh houses in Kerala were constructed under the PMAY scheme., LDF government accused of stalling PMAY due to lack of state share funds., Minister maintains that displaying the government emblem is not an issue.
Published: 28 Jun 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented