തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു. 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റരുതെന്ന് സെന്‍സസ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറായേക്കും. 

To advertise here,

2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരും. ഇതിന് മുമ്പ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരരുതെന്ന് സെന്‍സസ് കമ്മീഷണര്‍ കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ ആറിനാണ് ചീഫ്‌സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചിട്ടുള്ളത്. 

ഇതിന് പിന്നാലെ സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സെന്‍സസ് കമ്മീഷണറുടെ കത്ത് മറികടന്ന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ തന്നെ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ സങ്കീര്‍ണത എങ്ങനെ മറികടക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള ഒന്നാമത്തെ ചോദ്യം. 

2019 ഡിസംബര്‍ 26നാണ് വാര്‍ഡ് വിഭജനത്തിനുള്ള കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരിക്കുകയാണ്.  ഡിസംബര്‍ 31ന് മുമ്പ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ പ്രതിസന്ധി സര്‍ക്കാരിന് നേരിടേണ്ടി വരില്ലായിരുന്നു. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തന്നെ ഓര്‍ഡിനന്‍സ് നിയമമായില്ല. 

ഇനി ഗവര്‍ണര്‍ ഒപ്പിട്ടിരുന്നാല്‍ തന്നെ ഡിസംബര്‍ 31ന് പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നിരുന്നു. അങ്ങനെ നിയമസഭ ചേര്‍ന്ന സാഹചര്യത്തില്‍ അതുവരെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ക്ക് പ്രസക്തിയില്ലാതാവുകയും വീണ്ടും അവ പുറപ്പെടുവിക്കേണ്ടി വരികയും ചെയ്യുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ഇത്തരമൊരു പ്രശ്‌നമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എങ്കിലും സെന്‍സസ് കമ്മീഷണറുടെ കത്ത് നിലനില്‍ക്കെ സര്‍ക്കാര്‍ എങ്ങനെ നിയമനിര്‍മാണം നടത്തുമെന്നതാണ് പ്രശ്‌നം. വിഷയത്തില്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

ജനുവരി അവസാനം നിയമസഭ ചേരാനിരിക്കയാണ്. ആ സമയത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വേണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നാണ് സര്‍ക്കാരിപ്പോള്‍ കരുതുന്നത്. 

ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് വാര്‍ഡുവിഭജനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയമം പാസാക്കിയാലും സെന്‍സസ് കമ്മീഷണറുടെ കത്ത് ചൂണ്ടിക്കാട്ടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നുവരില്ല.

Content Highlights: Census commissioner letter demands that not to divide local body wards