കോട്ടയം: സെൻസസ്-2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ.

To advertise here,

ജൂൺ 30 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ.

ഏകദേശം 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

രജിസ്റ്റർ ചെയ്യേണ്ട വിധം

https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക.

ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം.

ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്.

സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകിക്കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-എന്യുമറേഷൻ ഐ.ഡി. (എസ്.ഇ.ഐ.ഡി.) ലഭിക്കും.