
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ഒടിഞ്ഞുവീഴാറായ വൈദ്യുതി പോസ്റ്റ് പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് താങ്ങിപ്പിടിച്ചിരിക്കുന്നു | Photo: Screengrab / Mathrubhumi news
ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്. ജില്ലാ പ്രസിഡന്റ് എം.പി പ്രവീണടക്കം അഞ്ചുപേരെയും കണ്ടാലറിയുന്ന 25 പേരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യം ലഭിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് പോസ്റ്റിന്റെ പണം അടയ്‌ക്കേണ്ടിവരും. പോസ്റ്റ് കുഴിച്ചിടാനുള്ള ചെലവടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഈടാക്കണമെന്നാണ് പോലീസ് നിലപാട്.
ബുധനാഴ്ച ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിഷേധം തടയുന്നതിനായി ബാരിക്കേഡും വടവും ബന്ധിപ്പിച്ചിരുന്നത് അടുത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന ഒരു വൈദ്യുതിതൂണിലായിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ബലംപിടിക്കുന്നതിനിടെ കണക്ഷനുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട പോലീസുകാരാണ് പോസ്റ്റ് ആദ്യം താങ്ങിപ്പിടിച്ചത്.
സമരം നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹായത്തിനെത്തി. അതിനിടയില്‍ നീളമുളള ഏണിയുമായി ഒരാള്‍ ഓടിയെത്തി. പോസ്റ്റ് ഏണിയില്‍ താങ്ങിനിര്‍ത്തിയപ്പോഴേക്കും കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ലൈന്‍ ഓഫാക്കി. പോലീസിന്റെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ അപകടമാണ് ഒഴിവായത്.
ഫയര്‍ഫോഴ്‌സ് കൂടിയെത്തി പോസ്റ്റ് അവിടെനിന്ന് നീക്കംചെയ്തതിന് പിന്നാലെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരാരി ബാബു ജോലിചെയ്തിരുന്ന ഓഫീസിലേക്ക് ചാടികയറുകയും അവിടെ ചാണകവെള്ളം തളിക്കുകയും ചെയ്തു. പോലീസിന്റെ അനാസ്ഥയിലാണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിയമനടപടികളുമായി മുന്നോട്ട് പോയേക്കുമെന്നാണ് സൂചന.
Content Highlights: An electric post have been destroyed during Youth congress protest case registered
Published: 09 Oct 2025, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented